കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ദുർഭരണത്തിലും അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചാണ് താൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തതെന്ന് ബി.ജെ.പി കൗൺസിലർ സുധ ദിലീപ്‌കുമാർ പറഞ്ഞു. ഭൂരിപക്ഷമുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് കൗൺസിലിനെ അനാവശ്യമായ ഒരു തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചത്. അതിനുള്ള തിരിച്ചടിയായാണ് ബൈജുവിന് വോട്ടു ചെയ്തത്. എന്തു സംഭവിച്ചാലും ബി.ജെ.പി കൗൺസിലർമാർ മൗനം പാലിക്കുമെന്ന എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ധാരണ തിരുത്തേണ്ട സമയമായി. ബി.ജെ.പി നിർണ്ണായക ശക്തിയാണെന്ന് ഇരുകൂട്ടർക്കും ബോദ്ധ്യമായി. പ്രാദേശിക വിഷയമായതിനാൽ വോട്ടെടുപ്പിന്റെ കാര്യത്തിൽ പാർട്ടിയുടെ അഭിപ്രായം തേടേണ്ട കാര്യമില്ലെന്നും യുക്തമായ തീരുമാനമെടുക്കുന്നതിന് തങ്ങൾക്ക് സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.