കൊച്ചി : മത്സ്യകൃഷി, സംസ്‌കരണം, കയറ്റുമതി തുടങ്ങി ഫിഷറീസുമായി ബന്ധപ്പെട്ട ഏത് പ്രശ്‌ന പരിഹാരത്തിനും സഹായത്തിനും സംസ്ഥാനത്തെ സംരംഭകർക്ക് കേരള ഫിഷറിസ് സമുദ്ര പഠന സർവ്വകലാശാലയെ (കുഫോസ്) സമീപിക്കാമെന്ന് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ പറഞ്ഞു. കുഫോസിൽ മൂന്ന് ദിവസത്തെ ഫിഷറീസ് സംരംഭകത്വ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരു ജലത്തിലെയും ശുദ്ധജലത്തിലെയും മത്സ്യകൃഷി, മത്സ്യസംസ്‌കരണം, മറ്റ് ജലകൃഷികൾ (കല്ലുമ്മക്കായ പോലുള്ള വാണിജ്യ പ്രാധാന്യമുള്ള മത്സ്യേതര വിഭവങ്ങൾ ) ഭക്ഷ്യസംസ്‌കരണം, കയറ്റുമതി തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ തുടങ്ങുവാനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും പരിശീലനവുമാണ് പരിപാടിയിൽ പങ്കെടുത്തവർക്ക് ലഭിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 25 സംരംഭകരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. കുഫോസ് രജിസ്ട്രാർ ഇൻ ചാർജ് ഡോ.ബി.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു.കുഫോസിൽ പ്രവർത്തിക്കുന്ന സംരംഭകത്വ വികസന പരിശീലന കേന്ദ്രമായ കാസ്‌റെഡ് ആണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കാസ്‌റെഡ് പ്രൊഫസർ ചെയർ ഡോ.സുരേഷ് മല്യ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.