പറവൂർ : ടൗൺ പ്ലാനിംഗ് വിഭാഗം ഭേദഗതി ചെയ്ത മാസ്റ്റർ പ്ലാനിൽ ചില മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തിയേക്കും. നഗരസഭയിൽ ചേർന്ന യോഗത്തിൽ പുതിയ നിർദേശങ്ങൾ ഉൾപ്പെടുത്തുന്നതിനായി സീനിയർ ടൗൺ പ്ലാനർക്ക് കൈമാറി. ആദ്യം പുറത്തിറക്കിയ മാസ്റ്റർ പ്ലാനിൽ 30 മീറ്റർ വീതിയുണ്ടായിരുന്ന റോഡുകൾ ഭേദഗതി ചെയ്തപ്പോൾ 15 മീറ്ററാക്കിയും 27 മീറ്ററുള്ളതു 12 മീറ്ററാക്കിയും 21 മീറ്ററുള്ളതു 10 മീറ്ററാക്കിയും ചുരുക്കിയിട്ടുണ്ട്. ചില റോഡുകളുടെ വീതി അൽപംകൂടി കുറയ്ക്കണമെന്നാണ് ആവശ്യം. ഇതിന് മുൻപുണ്ടായിരുന്ന മാസ്റ്റർ പ്ളാനിൽ റോഡ് വികസനമാണ് കൂടുതൽ തർക്കങ്ങൾക്കിടയാക്കിയത്. മാസ്റ്റർ പ്ലാൻ പ്രകാരം റോഡുകളുടെ വീതി കൂട്ടിയാൽ ഒട്ടേറെ വീടുകളെയും സ്ഥാപനങ്ങളെയും ബാധിക്കുമായിരുന്നു. മാസ്റ്റർ പ്ലാൻ ബാധകമാകുന്ന സ്ഥലങ്ങളിൽ കെട്ടിട നിർമാണത്തിന് അനുമതി ലഭിക്കാതിരുന്നതും ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. വെടിമറ – നന്തികുളങ്ങര, കണ്ണൻചിറ - പെരുമ്പടന്ന എന്നീ റോഡുകളുടെ വീതി 15 മീറ്ററിൽ നിന്നു 12 മീറ്ററായി കുറയ്ക്കണം. കിഴക്കേപ്രം, ജനത റോഡ് എന്നിവ 7 മീറ്ററായി നിലനിർത്തുക. ചിത്രാഞ്ജലി – പെരുവാരം – നന്തികുളങ്ങര റോഡ് 12 മീറ്ററിൽ നിന്നു 10 മീറ്ററാക്കണം. മാസ്റ്റർ പ്ലാനിൽ ന്യൂ ലിങ്ക് റോഡായി കാണിച്ചിട്ടുള്ള നന്തികുളങ്ങര – വാണിയക്കാട് റോഡ്, കോൺവെന്റ് റോഡ് എന്നിവ ഒഴിവാക്കണം. നഗരസഭയിലെ അങ്കണവാടികൾ, ശ്മശാനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, മുനിസിപ്പൽ ഓഫിസ് എന്നിവ മാസ്റ്റർ പ്ലാനിൽ രേഖപ്പെടുത്തണം. എന്നിവയാണ് പുതിയ നിർദേശങ്ങൾ.
ഭേദഗതിക്ക് കാലങ്ങൾ നീളുമോയെന്ന് ആശങ്ക.