കൊച്ചി: ബ്രോഡ്‌വേയിൽ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ തീപ്പിടിത്തത്തിന്റെ മറവിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിൻമാറണമെന്ന് ജില്ല വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. സ്കൂൾ തുറക്കൽ, പെരുന്നാൾ ആഘോഷവേളയിലുള്ള ഒഴിപ്പിക്കൽ നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കുമെന്ന് കളക്ടർക്ക് നൽകിയ നിവേദനത്തിൽ ഭാരവാഹികൾ ചൂണ്ടിക്കാട്ടി . അഗ്നിബാധയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിന് കച്ചവടക്കാർ തടസമായെന്ന പ്രചാരണം ശരിയല്ല. ഈ പ്രദേശത്ത് വഴിയോര കച്ചവടക്കാരില്ലെന്നതാണ് യാഥാർത്ഥ്യം. അനധികൃത പാർക്കിംഗിനെതിരെയാണ് നടപടി വേണ്ടത്. മുൻകൂർ നോട്ടീസ് നൽകാതെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് നിയമലംഘനമാണെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.