വൈപ്പിൻ: ആരോഗ്യ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പാക്കികൊണ്ട് വിപുലമായ സേവനങ്ങൾ നല്കാൻ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യസേനക്ക് രൂപം നല്കി. മുനമ്പം ആശുപത്രിയുമായി ചേർന്ന് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രത പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇരുപത്തിമൂന്ന് വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവർത്തകർ വഴി 20 മുതൽ 30 വരെ വീടുകൾ രോഗനിരീക്ഷണ, നിയന്ത്രണ, പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും.വാർഡുകളിൽ ആരോഗ്യ ശുചിത്വ
പോഷണ സമിതികൾ ചേർന്ന് തയ്യാറാക്കിയ വാർഷിക കർമ്മ പദ്ധതി ഗ്രാമപഞ്ചായത്ത് തലത്തിൽ ഏകോപിപ്പിക്കുന്നതിനും സംവിധാനമായി.
ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ പി കീർത്തി , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധിക സതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.