gps
തയ്യാറെടുപ്പുകളില്ലാതെ ജി.പി.എസ് നടപ്പാക്കുന്നതിനെതിരെ ട്രാവൽ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഒഫ് കേരള (ടോക്) കൊച്ചിയിൽ നടത്തിയ പ്രതിഷേധ സംഗമം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഫ്‌ളാഗ് ഒഫ് ചെയ്യുന്നു. ടോക് സെക്രട്ടറി ബാജി ജോസഫ്, പ്രസിഡന്റ് എം എസ് അനിൽകുമാർ എന്നിവർ സമീപം

കൊച്ചി: വാഹന സർവീസ് മേഖലയിൽ തുടർച്ചയായി അടിച്ചേൽപ്പിക്കുന്ന നിബന്ധനകൾ മേഖലയെ തകർക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് പറഞ്ഞു. തയ്യാറെടുപ്പുകളില്ലാതെയും തിടുക്കത്തിലും ജി.പി.എസ് നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ ട്രാവൽ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഒഫ് കേരള (ടോക്) നടത്തിയ പ്രതിഷേധ സംഗമം കൊച്ചിയിൽ ഫ്‌ളാഗ് ഒഫ് ചെയ്യുകയായിരുന്നു അദ്ദേഹം. സ്പീഡ് ഗവർണറും ജി.പി.എസും നിർബന്ധമാക്കിയതും ഒരു വർഷത്തിനു പകരം 15 വർഷത്തെ നികുതി ഒറ്റത്തവണയായി നൽകാനുമുള്ള തീരുമാനങ്ങൾ ഈ മേഖലയ്ക്ക് വലിയ തിരിച്ചടിയാണെന്നും ഗോപിനാഥ് പറഞ്ഞു.
പ്രസിഡന്റ് എം.എസ്. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർടോണി ചമ്മണി മുഖ്യാതിഥിയായി. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സത്യൻ, കോൺട്രാക്റ്റ് കാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിനു ജോൺ, സി.ഐ.ടി.യു ഡ്രൈവേഴ്‌സ് യൂണിയൻ പ്രതിനിധി അൻസാർ സി.എം, ബി.എം.എസ് യൂണിയൻ സംസ്ഥാന സെക്രട്ടറി രതീഷ്, ടോക് സെക്രട്ടറി ബാജി ജോസഫ് എന്നിവർ പ്രസംഗിച്ചു.