കൊച്ചി : എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ നടൻ കുഞ്ചാക്കോ ബോബനടക്കമുള്ളവർക്കു നേരെ കത്തി വീശി ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി തോപ്പുംപടി മൂലംകുഴി അത്തിക്കുഴി സ്റ്റാൻലി ജോസഫിന് (75) എറണാകുളം മജിസ്ട്രേട്ട് കോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിന് രാത്രിയിലാണ് സംഭവമുണ്ടായത്. ട്രെയിനിൽ വന്നിറങ്ങിയ കുഞ്ചാക്കോ ബോബനടക്കമുള്ളവരെ പ്രകോപനം ഇല്ലാതെ പ്രതി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കുഞ്ചാക്കോ ബോബനടക്കം എട്ടു സാക്ഷികളെ കേസിൽ വിസ്തരിച്ച കോടതി നിരീക്ഷണ കാമറാ ദൃശ്യങ്ങളും പരിശോധിച്ചു. വധഭീഷണിക്ക് ഒരു വർഷവും ആയുധ നിയമ പ്രകാരം ഒരു വർഷവുമടക്കം രണ്ടു വർഷത്തെ തടവാണ് ശിക്ഷിച്ചത്. എന്നാൽ ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി ഒരു വർഷം ജയിലിൽ കഴിഞ്ഞാൽ മതിയാകും.