കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി എം.ബിജുവിനെ ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്‌റ്റു ചെയ്‌തു. തിരുവനന്തപുരത്തെ അഭിഭാഷകനാണിയാൾ. ഇന്നലെ രാവിലെ പത്തരയോടെ ഡി.ആർ.ഐ ഓഫീസിലെത്തി കീഴടങ്ങിയ ബിജുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. രാത്രി ജുഡിഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടെ ബിജുവിന്റെ അഭിഭാഷകൻ കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. കേസിൽ ബിജുവിന്റെ ഭാര്യ വിനീതയടക്കമുള്ളവരെ നേരത്തെ ഡി.ആർ.ഐ പിടികൂടിയിരുന്നു.
വിമാനത്താവളത്തിലെ കൂടുതൽ കസ്‌റ്റംസ് ഉദ്യോഗസ്ഥർ, ചില കരാർ ജീവനക്കാർ എന്നിവർ സ്വർണം കടത്താൻ സഹായിച്ചതായി ബിജു ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇവരെ സമൻസ് അയച്ച് വിളിച്ചുവരുത്താൻ ഡി.ആർ.ഐ തീരുമാനിച്ചു. സ്വർണം കടത്താൻ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇയാൾ ഉപയോഗിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷിക്കും.
തിരുവനന്തപുരത്തും കോഴിക്കാേട്ടുമുള്ള പി.പി.എം ചെയിൻസ് എന്ന സ്ഥാപനത്തിനു വേണ്ടിയാണ് സ്വർണം കടത്തിയതെന്ന് വ്യക്തമായെങ്കിലും ബിജുവിനെ ബന്ധിപ്പിക്കാനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഇയാളെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമ്പോൾ വ്യക്തത ലഭിക്കുമെന്നാണ് ഡി.ആർ.ഐയുടെ പ്രതീക്ഷ. സ്ഥാപന ഉടമ മുഹമ്മദാലി, മാനേജർ അബ്‌ദുൾ ഹക്കിം എന്നിവർ ഒളിവിലാണ്. അഴിമതി നിരോധന നിയമപ്രകാരം കസ്‌റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണവും നടക്കുന്നുണ്ട്. കസ്‌റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണനെ ഡി.ആർ.ഐ അറസ്‌റ്റു ചെയ്തിരുന്നു.