ഇടപ്പള്ളി :വടുതല പാലത്തിലെ അപകടാവസ്ഥയിലായ ഭാഗങ്ങൾ പൊതുമരാമത്ത് വകുപ്പ് അധികൃതർ പരിശോധിച്ചു. മണ്ണ് ഒലിച്ചു പോയ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്താൻ നടപടിയെടുക്കും . അസിസ്റ്റന്റ് എൻജിനീയർ പി. ജെ. ലിസിയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് വെള്ളിയാഴ്ച ഉച്ചയോടെ പരിശോധന നടത്തിയത്. പാലത്തിന്റെ തെക്കുഭാഗത്തെ മണ്ണ് ഒലിച്ചു പോയത് സംഘം വിശദമായി പരിശോധിച്ചു. പ്രവേശന റോഡിന്റെ ടാറിംഗ് വലിയ തോതിൽ നശിച്ചതായും കണ്ടെത്തി. വിള്ളൽ മൂലംപാലത്തിന് അപകടമില്ലെന്നും സംഘം വിലയിരുത്തി. എന്നാൽ റോഡിന്റെ അവസ്ഥ ഗുരുതരമാണെന്ന് എ. ഇ. പറഞ്ഞു. പൊട്ടിത്തകർന്ന ഭാഗത്തു മണ്ണിട്ട് നിറക്കണം. കരിങ്കൽ പാകി ബലപ്പെടുത്തുകയും വേണം. സംരക്ഷണഭിത്തി കെട്ടി റോഡ് സുരക്ഷിതമാക്കണമെന്നും എ. ഇ പറഞ്ഞു. പാലത്തിനോട് ചേർന്നാണ് കോർപ്പറേഷന്റെമാലിന്യ സംഭരണം. മാലിന്യം തിന്നാൻ എത്തുന്ന തുരപ്പന്റെ ശല്യമാണ് മണ്ണ് നഷ്ടപ്പെട്ടു കുഴികൾ രൂപപ്പെടാൻ കാരണമായതുമെന്നും അധികൃതർ ആരോപിച്ചു. മഴക്കാലത്തിനുമുമ്പ് താൽകാലിക പണികളെങ്കിലും നടത്തിയില്ലെങ്കിൽ പാലത്തിലെ ഗതാഗതം താറുമാറാകാൻ സാദ്ധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധന റിപ്പോർട്ട്‌ എ.ഇ. അടുത്ത ദിവസം തന്നെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കു കൊടുക്കും. പാലത്തിലെ അപകടാവസ്ഥയെ പറ്റി കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തിരുന്നു.