പീരുമേട്: മത്തായി കൊക്കയിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ക്യാമറ സ്ഥാപിക്കാൻ പീരുമേട് പഞ്ചായത്ത്കമ്മറ്റി തീരുമാനിച്ചു.ദേശീയപാത 183 മത്തായി കൊക്കയിലെ റോഡരുകിൽ രാത്രി കാലങ്ങളിൽ മാലിന്യം തള്ളൽ പതിവായതോടെയാണ് നിയമലംഘകരെ കൈയ്യോടെ പിടികൂടാൻ പഞ്ചായത്ത് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ പ്രാഥമിക ഘട്ടമായി ഏറ്റവും അധികം മാലിന്യ നിക്ഷേപിക്കുന്ന പ്രദേശത്ത് കമ്പി വേലി സ്ഥാപിക്കും.രണ്ടാം ഘട്ടമായി മത്തായി കൊക്കയിലേക്ക് മാലിന്യം തള്ളുന്ന മുഴുവൻ ഭാഗങ്ങളിലും കമ്പി വേലി സ്ഥാപിക്കുകയും ഇതിനോടൊപ്പം ക്യാമറ സ്ഥാപിക്കാനുമാണ് പഞ്ചായത്ത് തീരുമാനം.ഇതിനായി പുതിയ പ്രൊജക്ട് വെച്ച ശേഷമായിരിക്കും ബാക്കിയുള്ള നടപടികൾ. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും മത്സ്യ മാംസ അവിശിഷ്ടങ്ങളും ആശുപത്രികളിൽ നിന്നുള്ള മാലിന്യങ്ങളും രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിച്ചു ഇവിടെയാണ് തള്ളുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നും മാലിന്യങ്ങൾ ഇവിടെ കൊണ്ട് വന്ന് തള്ളുന്നതും പതിവാണ് . മാലിന്യങ്ങൾ ഒഴുകിയെത്തി അഴുതയേയും പമ്പയേയും മലിനപ്പെടുത്തുനകയും ചെയ്യുന്നുണ്ട്. രാത്രികാലങ്ങളിൽ റോഡരുകിലും വൻ തോതിൽ മാലിന്യം നിക്ഷേപിക്കുന്നതെങ്കിലും പരിശോധന ശക്തമല്ലാത്തതിനാൽ കുറ്റക്കാർക്കെതിരെ ആധിക്യതർക്ക് നടപടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ക്യാമറ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോയത്. പീരുമേട് പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങൾ കുട്ടിക്കാനത്തിനു സമീപത്തെ വിനോദ സഞ്ചാര കേന്ദ്രമായ മദാമ്മക്കുളത്തിനു സമീപത്താണ് മാലിന്യം നിക്ഷേപിക്കുന്നത്.പ്ലാസ്റ്റിക്ക് ഒഴികെയുള്ള മാലിന്യങ്ങൾ മണ്ണിട്ട് മൂടുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ചെടുത്ത് ഇവ സുരക്ഷിതമായി സൂക്ഷിക്കുകയാണ് ചെയുന്നത് .മത്തായി കൊക്കയ്ക്ക് സമീപത്ത് മാലിന്യം നിക്ഷേപിക്കരുതെന്നു പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് അവഗണിച്ചാണ് യഥേഷ്ടം മാലിന്യ നിക്ഷേപം.