അടിമാലി: ഏലത്തിന്റെ വില വർദ്ധനവിൽ പ്രതീക്ഷയോടെ മലയോരകർഷകർ. 2500 നടുത്താണ് എലക്കായുടെ ഇപ്പോഴത്തെ ശരാശരി വിപണി വില. കർഷകർ ആഗ്രഹിച്ചതുപോലെ ദിവസവും ഏലക്കാ വില കുതിക്കുകയാണ്. ഒന്നര വർഷം മുമ്പ് ആയിരത്തിനടുത്തായിരുന്നു ഏലക്കാ വില. അവിടെ നിന്ന് പടിപടിയായി ഉയർന്ന് കഴിഞ്ഞ ദിവസം പരമാവധി വില 3620 വരെയെത്തി. എന്നാൽ ചരിത്രത്തിലെ തന്നെ മികച്ച വില ലഭിച്ചിട്ടും ജില്ലയിലെ ചെറുകിട ഏലം കർഷകർക്ക് വേണ്ടത്ര ഗുണം കിട്ടുന്നില്ല. പ്രളയവും തുടർന്നെത്തിയ കടുത്ത ചൂടും ഏലക്കായുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതാണ് തിരിച്ചടിയായത്. അധിക മഴ മൂലം അഴുകൽ, തട്ട ചീയൽ, ശരം ചീയൽ തുടങ്ങിയ പ്രശ്നങ്ങളായിരുന്നു കർഷകരെ വലച്ചിരുന്നത്. വേനൽ എത്തിയതോടെ ശരം കരിഞ്ഞ് പോയതും മൂപ്പെത്താത്ത കായ്കൾ ഉണങ്ങി വീഴുന്നതും ഉത്പാദനക്കുറവിന് ഇടവരുത്തി. വില കുറഞ്ഞ് നിന്നിരുന്ന കാലയളവിൽ പല ചെറുകിട കർഷകരും പരിചരണ ചിലവ് താങ്ങാനാവാതെ മറ്റ് കൃഷികളിലേക്ക് ശ്രദ്ധമാറ്റിയിരുന്നു. ഇതും ഇപ്പോൾ ചെറുകിട കർഷകരെ സംബന്ധിച്ച് ഉത്പാദനക്കുറവിന് ഇടവരുത്തിയിട്ടുണ്ട്. വളത്തിന്റെയും കീടനാശിനിയുടെയും ഉയർന്ന വില ഏലക്കായുടെ വിലയിടിവ് കാലയളവിൽ കർഷകർക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഇപ്പോൾ ലഭിക്കുന്ന ഉയർന്ന വില തുടർന്ന് പോയാൽ പ്രതിസന്ധികൾക്കെല്ലാം പരിഹാരമാകുമെന്നാണ് ചെറുകിട കർഷകരുടെ പ്രതീക്ഷ.