രാജാക്കാട് : ചിന്നക്കനാൽ സൂര്യനെല്ലിയിൽ ഭൂരഹിതരായ തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് പതിമൂന്നാം ദിവസത്തിലേയ്ക്ക്. സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എ കുര്യൻ, കോൺഗ്രസ്സ് നേതാവും മുൻ എം.എൽ.എയുമായ എ.കെ മണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി അൻപുരാജ്, വിവിധ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ തുടങ്ങിയവർ തൊഴിലാളിദിനത്തിൽ സമരവേദിയിലെത്തി പിൻതുണ അറിയിച്ചു. ഭൂരഹിതർക്ക് വീട് വയ്ക്കുവാൻ മൂന്ന് സെന്റ് സ്ഥലത്തിന് അർഹതയുണ്ടെന്നും, റവന്യൂ വകുപ്പും സർക്കാരും ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും സി.എ കുര്യൻ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കളക്ടർക്ക് മെമ്മോറാണ്ടം നൽകാൻ സമരക്കാർ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കൊപ്പം അടുത്ത ദിവസം കളക്ടറേറ്റിൽ എത്തി ഇത് സമർപ്പിയ്ക്കും. ഏപ്രിൽ 21ന് ആണ് ചിന്നക്കനാൽ പഞ്ചായത്തിലെ ഭൂരഹിതരായ നൂറോളം തൊഴിലാളി കുടുംബങ്ങൾ ടൗനിന് സമീപം റവന്യൂ ഭൂമി കയ്യേറി ഷെഡ്ഡുകൾ നിർമ്മിച്ചത. പല കുടുംബങ്ങളും ഷെഡ്ഡുകളിൽ താമസം ആരംഭിച്ചിട്ടുമുണ്ട്.വൻകിടക്കാർ പ്രദേശത്ത് നടത്തിയിട്ടുള്ള കയ്യേറ്റങ്ങളുടെ പട്ടിക തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുവാനും തൊഴിലാളികൾ തീരുമാനിച്ചിട്ടുണ്ട്.