രാജാക്കാട്: ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ആനയിറങ്കൽ ജലാശത്തിലെ ബോട്ടിംഗ് പ്രതിസന്ധിയിലായി. ഒരു ജങ്കാറും രണ്ട് സ്പീഡ് ബോട്ടും നാല് പെഡൽബോട്ടും രണ്ട് കുട്ടവഞ്ചിയും രണ്ട് കയാക്കിങ്ങുമാണ് ഇവിടെയുള്ളത്. നിലവിൽ കയാക്കിംഗ് മാത്രമാണ് നടക്കുന്നത്. ബാക്കിയുള്ളവ നിർത്തിയിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ജലനിരപ്പ് വീണ്ടും കുറയുന്നതോടെ ജലാശയത്തിനുള്ളിൽ മരക്കുറ്റികൾ തെളിഞ്ഞുവരാൻ തുടങ്ങും. ഇതോടെ എല്ലാ സർവീസുകളും പൂർണ്ണമായി നിറുത്തേണ്ടിവരും. കെ.എസ്.ഇബിയുടെ ഹൈഡൽ ടൂറിസം വിഭാഗം ആരംഭിച്ച വിനോദ സഞ്ചാര കേന്ദ്രം പ്രവർത്തനമാരംഭിച്ച് കുറഞ്ഞ നാളുകൾക്കകം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരുന്നു. ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ബോട്ടിംഗിനും പ്രകൃതിഭംഗി ആസ്വദിക്കുന്നതിനുമായി എത്തിക്കൊണ്ടിരുന്നത്.
കാരണം വൈദ്യുതി ഉത്പാദനം
പന്നിയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി വൈദ്യുതി ബോർഡ് നിർമ്മിച്ചിരിക്കുന്ന അണക്കെട്ട് ആയതിനാൽ പൊന്മുടിയിൽ ജലനിരപ്പ് താഴുമ്പോൾ സ്ളൂയിസ് ഗെയ്‌റ്റ് വഴി വെള്ളം ഒഴുക്കിവിട്ട് പന്നിയാർ പവർ ഹൗസിൽ വൈദ്യുതോത്പാദനം നിലനിർത്തുന്നത് പതിവാണ്. ഒരു മാസത്തിലേറെയായി ആനയിറങ്കലിലെ വെള്ളം തുറന്നു വിട്ടുകൊണ്ടിരിക്കുന്നതാണ് ജലനിരപ്പ് ഗണ്യമായി കുറയാൻ കാരണം. തുലാമഴ ലഭിയ്ക്കുന്നുണ്ടെങ്കിലും ജലവിതാനം ഉയരാത്തതും ഇക്കാരണത്താലാണ്.
ടൂറിസം മേഖലയും പ്രതിസന്ധിയിൽ
ബോട്ടിംഗ് നിലച്ചതോടെ സഞ്ചാരികളുടെ വരവിൽ വൻ കുറവാണ് ഉണ്ടായത്. ഇത് പ്രദേശത്തെ ടൂറിസം മേഖലയെ മോശമായി ബാധിച്ചു. ഇവിടത്തെ കച്ചവട സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. ജീവനക്കാരുടെ ശമ്പളത്തിനുള്ളതുപോലും വരുമാനമായി ലഭിക്കാത്ത അവസ്ഥയാണുള്ളത്.