തൊടുപുഴ: പണിയ്ക്കിടെ കിണറ്റിൽ വീണ അന്യസംസ്ഥാന തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷിച്ചു. പശ്ചിമബംഗാൾ മേഥിനിപൂർ സ്വദേശി രഞ്ജിത്ത് മൈടിയാണ് (35) കിണറ്റിൽ വീണത്. ഇന്നലെ രാവിലെ ഒമ്പതിനോടെ കരിമണ്ണൂർ കുറുമ്പാലമറ്റത്താണ് സംഭവം. മുതുപാലക്കൽ റോഷന്റെ പുതിയതായി വാങ്ങിയ സ്ഥലത്ത് കിണറിൽ റിംഗ് ഇറക്കുന്ന ജോലിക്കിടെ രഞ്ജിത്ത് കാൽതെറ്റി കിണറ്റിൽ വീഴുകയായിരുന്നു. തൊടുപുഴ ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ കരുണാകരൻപിള്ളയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം കിണറ്റിലിറങ്ങി നെറ്റുപയോഗിച്ച് യുവാവിനെ രക്ഷപ്പെടുത്തി. തലയ്ക്കും നടുവിനും പരിക്കേറ്റ രഞ്ജിത്തിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേഡ് എ.എസ്.ടി.ഒമാരായ ബെൽജി വർഗീസ്, കെ.എസ്. അബ്ദുൾനാസർ, ഫയർമാന്മാരായ പി.ജി. സജീവ്, പ്രശാന്ത്കുമാർ, സജാദ്, മുബാറക്, ജിഷ്ണു, ഡ്രൈവർമാരായ മുഹമ്മദ് കബീർ, നിബിൻ സേവ്യർ എന്നിവർ ചേർന്നാണ് യുവാവിനെ രക്ഷിച്ചത്.