തൊടുപുഴ: ഡിപ്പോയിലെ പമ്പിൽ ഡീസൽ തീർന്നതിനെ തുടർന്ന് തൊടുപുഴയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ഭാഗികമായി മുടങ്ങി. ഹൈറേഞ്ച് മേഖലയിലേക്കുള്ള സർവീസാണ് പ്രധാനമായും മുടങ്ങിയത്. കട്ടപ്പന, ചെറുതോണി, തോപ്രാംകുടി, ഏലപ്പാറ, വൈക്കം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയാണ് ഇന്ധനക്ഷാമം ബാധിച്ചത്. ഇതോടെ ഈ പ്രദേശത്തേക്ക് പോകേണ്ട യാത്രക്കാർ ബസ് കിട്ടാതെ വല‌ഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയാണ് തൊടുപുഴ ഡിപ്പോയിലെ പമ്പിൽ ഡീസൽ തീർന്നത്. കെ.എസ്.ആർ.ടി.സി കുടിശിഖ നൽകാനുള്ളതിനെ തുടർന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം വിതരണം നിറുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഐ.ഒ.സി ഡീസൽ വിതരണംചെയ്യുന്ന കട്ടപ്പനയിലും മൂവാറ്റുപുഴയിലും പാലായിലും ക്ഷാമമില്ല. മൂവാറ്റുപുഴയിലും പാലായിലുമെത്തി ഡീസൽ നിറച്ച ശേഷമാണ് ആ ഭാഗത്തേക്കുള്ള ബസുകൾ സർവീസ് നടത്തിയത്. എന്നാൽ അവിടെ വരെ എത്താൻ പോലും ചില ബസുകളിൽ ഇന്ധനമില്ല. കട്ടപ്പന വരെ പോകണമെങ്കിൽ 50 ലിറ്ററിലേറെ ഡീസൽ വണ്ടിയിലുണ്ടാകണം. ഇത്രയും ഇന്ധനമില്ലാത്ത ബസുകളുടെ സർവീസാണ് റദ്ദാക്കേണ്ടി വന്നത്. ഇന്ധനമുള്ള ബസുകളിൽ നിന്ന് ഇല്ലാത്തവയിൽ നിറയ്ക്കാനോ മറ്റിടങ്ങളിൽ നിന്ന് ഡീസൽ എത്തിച്ച് പ്രശ്നം പരിഹരിക്കാനോ ഉദ്യോഗസ്ഥർക്ക് അനുവാദമില്ല. മൂലമറ്റം ഡിപ്പോയിൽ നിന്നുള്ള സർവീസുകളും മുടങ്ങിയിട്ടുണ്ട്. ദീർഘദൂര ദൂര സർവീസുകൾ മുടങ്ങാത്തത് ആശ്വാസമായി. ഒരു മാസം മുമ്പാണ് പുതിയതായി നിർമ്മിക്കുന്ന തൊടുപുഴ ഡിപ്പോയിൽ പമ്പ് പ്രവർത്തനം ആരംഭിച്ചത്. അതിന് മുമ്പ് ഡീസലിനായി പാലാ, വൈക്കം, മൂവാറ്റുപുഴ എന്നീ ഡിപ്പോകളെയും സ്വകാര്യ പമ്പുകളെയുമായിരുന്നു തൊടുപുഴയിൽ നിന്ന് സർവീസ് നടത്തുന്ന ബസുകൾ ആശ്രയിച്ചിരുന്നത്.

മുടങ്ങിയ സർവീസുകൾ

7.05 am: തൊടുപുഴ- കട്ടപ്പന

7.30: തൊടുപുഴ- കട്ടപ്പന

7.30: തൊടുപുഴ- ചെറുതോണി

7.40- തൊടുപുഴ- പൂച്ചപ്ര

8.05: തൊടുപുഴ- കട്ടപ്പന

10.20: തൊടുപുഴ- വൈക്കം

12.20 pm: തൊടുപുഴ- വൈക്കം

2.00: തൊടുപുഴ- ചെറുതോണി

2.15: മൂലമറ്റം- ഏലപ്പാറ

11.00: തൊടുപുഴ- തോപ്രാംകുടി

4.10: തൊടുപുഴ- കട്ടപ്പന

പ്രശ്നം പണമയ്ക്കാത്തത്

ഹിന്ദുസ്ഥാൻ പെട്രോളിയമാണ് തൊടുപുഴയിലും വൈക്കത്തും ഡീസൽ വിതരണം ചെയ്യുന്നത്. ഡീസൽ നൽകിയ ഇനത്തിലുള്ള കുടിശിഖ കെ.എസ്.ആർ.ടി.സി നൽകാത്തതിനെ തുടർന്നാണ് രണ്ടിടത്തെയും പമ്പുകളിൽ ഹിന്ദുസ്ഥാൻ പെട്രോളിയം ഡീസൽ നിറയ്ക്കുന്നത് നിറുത്തിയത്. ഇന്നലെ സർവീസുകൾ മുടങ്ങുന്ന സ്ഥിതി വന്നതോടെ അടിയന്തരമായി കെ.എസ്.ആർ.ടി.സി 53 ലക്ഷം രൂപ അടച്ചതായാണ് വിവരം. ഇന്ന് തന്നെ പമ്പുകളിൽ ഡീസലെത്തിച്ച് പ്രതിസന്ധി പരിഹരിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

''ഇന്നലെ മുതൽ ഇന്ധനപ്രതിസന്ധിയുണ്ടെങ്കിലും കാര്യമായി സർവീസുകൾ മുടങ്ങാതെ കൈകാര്യം ചെയ്യുന്നുണ്ട്. ദീർഘദൂര സർവീസുകളൊന്നും മുടങ്ങിയിട്ടില്ലാത്തതിനാൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകളൊന്നുമുണ്ടായിട്ടില്ല. ഇന്ധനക്ഷാമം ഉടൻ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്"

- ആർ. മനേഷ് (ഡി.ടി.ഒ)