കുമളി: ചരിത്രത്തിൽ ആദ്യമായി ഏലയ്ക്കാ വില 4000 കടന്നു. ഇന്നലെ തമിഴ് നാട് ബോഡിമെട്ടിൽ നടന്ന ഏല ലേല കേന്ദ്രത്തിലാണ് ഉയർന്നവില ലഭിച്ചത്. 8.5 എം.എം. വലിപ്പത്തിലുളള പ്രത്യേകം തരം തിരിച്ച ഏലക്കായ്ക്കാണ് 4000 രൂപ ലഭിച്ചത്.
സാധാരണ കായ്ക്ക് ശരാശരി 2467 രൂപയാണ് ലഭിച്ചത്. 41173 കിലോ ഏലയ്ക്കാ വിൽപ്പനക്കായി എത്തിയതിൽ 40505 കിലോയും വിറ്റഴിച്ചു. വണ്ടൻമേട് മാസ് എന്റർ പ്രെെസസിന്റെ നേതൃത്വത്തിൽ നടന്ന ലേലത്തിലാണ് ചരിത്രവില ലഭിച്ചത്.
വർഷങ്ങൾക്ക് ശേഷമാണ് ഉയർന്ന വില കർഷകർക്ക് ലഭിക്കുന്നത്. കഴിഞ്ഞ വർഷം കൂടിയവില 1500നും 1800 നും ഇടയിലായിരുന്നു.
വില ഉയരുമ്പോഴും കർഷകൻ സങ്കടത്തിൽതന്നെ
ചരിത്രത്തിൽ ആദ്യമായി ഏലത്തിന് ഉയർന്ന വില ലഭിക്കുമ്പോഴും കർഷകന് സങ്കടം മാത്രം ബാക്കി. വില കൂടുമ്പോൾ വിറ്റഴിക്കാൻ ഏലയ്ക്കാ ഇല്ല. കഴിഞ്ഞ പ്രളയത്തിൽ ഏലം കർഷകന് വൻ നാശനഷ്ടമാണ് വിതച്ചത്. മഴയിൽ ഏല ചെടികൾ ആഴുകിയും കാറ്റിൽ ചെടികൾ വീണും ഉത്പാദനം നിലച്ചിരുന്നു. പിന്നാലെ വന്ന കഠിന ചൂടും ഏലത്തെ സാരമായി ബാധിച്ചു. ഇതോടെ കർഷകർ കടക്കെണിയിലും അകപ്പെട്ടു. ലേലകേന്ദ്രത്തിലെ ഒരോ ദിവസത്തെയും വില വിവരങ്ങൾ അറിയാൻ മാത്രമാണ് കർഷകന്റെ വിധി.