രാജാക്കാട് : പതിനാറുകാരിയായ വിദ്യാർത്ഥിനിയെ രണ്ടാനച്ഛൻ ഉപദ്രവിച്ചതായി പരാതി. സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: 'പെൺകുട്ടിയുടെ അമ്മ കുറെക്കാലം മുൻപ് രണ്ടാം വിവാഹം കഴിച്ചയാളാണ്. ആദ്യ വിവാഹത്തിൽ ഉള്ളതാണ് ഉപദ്രവത്തിനിരയായ പെൺകുട്ടി. അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടി. ഒരുമിച്ച് താമസം തുടങ്ങി ഏറെ നാൾ കഴിയും മുൻപെ രണ്ടാനച്ഛൻ പെൺകുട്ടിയെ നിരന്തരമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ശല്ല്യം അസഹനീയമായതിനെ തുടർന്ന് പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപികയോട് പറഞ്ഞു. അദ്ധ്യാപിക വിവരം കുട്ടിയുടെ അമ്മയെ അറിയിച്ചു. വിഷയം ശ്രദ്ധിച്ചുകൊള്ളാമെന്ന് ഇവർ അദ്ധ്യാപികയ്ക്കു ഉറപ്പ് നൽകുകയും ചെയ്തു. കഴിഞ്ഞ മാസം വേനലവധി ആരംഭിച്ചതോടെ പെൺകുട്ടി ഉപദ്രവം ഭയന്ന് കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് പോയി. കുട്ടിയെ കാണാതായതോടെ വീട്ടുകാർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തി. വിവരങ്ങൾ ശേഖരിച്ചപ്പോൾ നിരവധി തവണ രണ്ടാനച്ഛൻ ഉപദ്രവിക്കാൻ ശ്രമം നടത്തിയതായുംഅത് ഭയന്ന് കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് പോയതാണെന്നും മൊഴി നൽകി". തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.