പീരുമേട്: തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് സ്ഥാപിച്ച പീരുമേട് താലൂക്ക് കച്ചേരിയുടെ 125ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകുന്നേരം നാലിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഉബൈദ് നിർവ്വഹിക്കും . വാർഷികത്തിന്റെ ഭാഗമായി പോസ്റ്റൽ വകുപ്പ് പ്രസിദ്ധീകരിച്ച പ്രത്യേക സ്റ്റാമ്പിന്റെ പ്രകാശനം മന്ത്രി എം.എം.മണി നിർവഹിക്കും.
രാജഭരണക്കാലത്ത് തുടങ്ങിയ ആദ്യ ബ്രിട്ടിഷ് കോടതിയാണ് പീരുമേട്ടിലുള്ളത്. 1893ലാണ് പീരുമേട് കോടതി സ്ഥാപിതമായത്.തിരുവനന്തപുരം കഴിഞ്ഞാൽ പ്രധാന ഭരണ തീരുമാനങ്ങൾക്കും പീരുമേട് വേദിയായി. സംസ്ഥാനത്തെ പേരുകേട്ടതും വിവാദവുമായ പല കേസുകളിലും തീർപ്പ് കൽപ്പിച്ചത് ഈ കച്ചേരിയിൽ വെച്ചാണ്. തിരുവതാംകൂർ രാജകുടുംബത്തിന്റെ വേനൽക്കാല വസതി പീരുമേട്ടിൽ ആയിരുന്നു.
അന്നത്തെ പീരുമേട് താലൂക്ക് കച്ചേരിയുടെ അധികാരപരിധി ചങ്ങനാശേരി റവന്യു ഡിവിഷന് കീഴിലുള്ള കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളത്തിന് ഒരു ഭാഗവും ഉൾപ്പെടുന്ന പ്രദേശമായിരുന്നു. നാളുകൾക്കു ശേഷമാണ് താലൂക്ക് കച്ചേരിക്ക് മാറ്റമുണ്ടായത്. 1905ൽ താലൂക്ക് കച്ചേരി രണ്ടായി വിഭജിച്ചു തഹസിൽ മജിസ്‌ട്രേറ്റും ട്രൈബ്യൂണലുമായി മാറി. തഹസിൽദാരായിരുന്നു തഹസിൽ മജിസ്‌ട്രേറ്റിന് പൂർണ്ണ അധികാരം. നിലവിലെ കോടതി കെട്ടിടത്തിൽ തന്നെയായിരുന്നു തഹസിൽ മജിസ്‌ട്രേറ്റും പ്രവർത്തിച്ചിരുന്നത്. 1950ൽ മജിസ്‌ട്രേറ്റ് വീണ്ടും വിഭജിച്ച് പീരുമേട് മജിസ്‌ട്രേറ്റ് കോടതിക്ക് രൂപംനൽകി. കോടതിയോട് അനുബന്ധിച്ച് 1905ൽ പീരുമേട് പൊലീസ് സ്റ്റേഷനും 1959ൽ സബ്ജയിലും നിലവിൽ വന്നു. ഇപ്പോൾ മുൻസിഫ് കോടതി, ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്, ഗ്രാമ ന്യായലയ തുടങ്ങിയ കോടതികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
രാജ പ്രൗഡിയോടെ ഉയർന്ന് നില്ക്കു ന്ന പീരുമേട് കോടതി പഴയ പ്രതാപത്തിൽ തന്നെയാണ് നിലനില്ക്കുന്നത്. തിരുവതാംകൂർ രാജ ഭരണത്തിന്റെ ശംഖുമുദ്ര ഇപ്പോഴും കെട്ടിടത്തിനു മിമ്പികൽ ഉണ്ട്.കോടതിയുടെ വാർഷിക ആഘോഷങ്ങൾ വിപുലമായ രീതിയിൽ ആഘോഷങ്ങളാണ് പീരുമേട് ബാർ അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്.ചരിത്രം ഉറങ്ങുന്ന കെട്ടിടം അതേപടി നിലനിർത്താനാണ് സർക്കാരിന്റെയും തീരുമാനം.