തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദൈവാലയ അങ്കണത്തിൽ അഞ്ച് മുതൽ ഒമ്പത് വരെ ബൈബിൾ കൺവെൻഷൻ 'ദൈവസ്വരം- 2019" നടക്കുമെന്ന് വികാരി ഫാ. ഡോ. ജിയോ തടിക്കാട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം ഡയറക്ടറും വചന പ്രഘോഷകനുമായ ഫാ. ഡാനിയേൽ പൂവ്വണ്ണത്തിൽ കൺവെൻഷൻ നയിക്കും. അഞ്ചിന് മാർ ജോർജ്ജ് പുന്നക്കോട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സമാപന സന്ദേശം നൽകും. മറ്റ് ദിവസങ്ങളിൽ മാർ ജോൺ നെല്ലിക്കുന്നേൽ, മാർ മാത്യു വാണിയകിഴക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഗ്രൗണ്ടിൽ 25000 സ്ക്വയർ ഫീറ്റിലുള്ള പന്തൽ നിർമ്മിച്ചിട്ടുണ്ട്. പള്ളി, പാരീഷ് ഹാൾ, സ്കൂൾ ആഡിറ്റോറിയം, പള്ലിമുറ്റം തുടങ്ങിയ സ്ഥലങ്ങളിലായി പതിനായിരത്തോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതൊടൊപ്പം ഏഴ് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായുള്ള ധ്യാനം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ മൂന്ന് വരെ പാരീഷ് ഹാളിൽ നടക്കും. കൺവെൻഷന് ഒരുക്കമായി ഏല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 7.30 വരെ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ ദിവ്യകാരുണ്യ ആരാധനയും നടക്കുന്നുണ്ട്. ഏല്ലാ ദിവസവും 3.30 മുതൽ 8.30 വരെയാണ് കൺവെൻഷൻ. ഫൊറോന വികാരി റവ. ഡോ. ജിയോ തടിക്കാട്ട് (ജനറൽ കൺവീനർ), ഫാ. ജോസഫ് മക്കോളിൽ, ഫാ. തോമസ് അമ്പാട്ടുകുഴി (കൺവീനർമാർ), ഫാ. വറുഗീസ് പാറമേൽ, ജോൺസൺ കാനത്തിൽ, ഡോ. തോമസ് അബ്രഹാം (കോ- ഓഡിനേറ്റേഴ്സ്), റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, ആനി ഇളയിടം, ജിമ്മി സെബാസ്റ്റ്യൻ, ഡായി ഫിലിപ്പ്, ജോസ് അറുകാലിൽ, ജോസ് പാലക്കാമറ്റം, എം.എ. ജോൺ, ജോസ് മാങ്കുന്നേൽ, സെബി നാഗശേരി, ടെൻസി അനിൽ എന്നിവരടങ്ങിയ വിവിധ കമ്മിറ്റികൾ കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ഡോ. തോമസ് അബ്രഹാമും ജോൺസൺ കാനത്തിലും പങ്കെടുത്തു.