ചെറുതോണി: കഴിഞ്ഞ പ്രളയക്കെടുതിയിലും ഇടുക്കി അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതിനെ തുടർന്നും കടകൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് ചെറുതോണി ലയൺസ്‌ക്ലബിന്റെനേതൃത്വത്തിൽ ധനസഹായം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇടുക്കി അണക്കെട്ടിന്റെ നിർമാണ കാലം മുതൽ ചെറുതോണിയിൽ വ്യാപാരം നടത്തിയിരുന്ന പതിനെട്ട് വ്യാപാരികൾക്കാണ് ധന സഹായം നൽകുന്നത്. കടയിലുണ്ടായിരുന്ന സാധനങ്ങളുൾപ്പെടെയാണ് നശിച്ചുപോയത്. ജീവിത മാർഗം പൂർണമായും നഷ്ടപ്പെട്ടുപോയ വ്യാപാരികൾക്കാണ് സഹായം നൽകുന്നത്. അമേരിക്കയിലെ ഡിട്രോയിറ്റ് മലയാളി അസോസിയേഷനുമായി സഹകരിച്ച് അഞ്ചുലക്ഷം രൂപയാണ് വ്യാപാരികൾക്കായി വിതരണം ചെയ്യുന്നത്. ലയൺസ്‌ക്ലബിന്റെനേതൃത്വത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി മൂന്നു വീടുകൾ നിർമിച്ചു നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. മേയ് 30ന് നടത്തുന്ന ചടങ്ങിൽ വീടുകളുടെ താക്കോൽദാനം നിർവ്വഹിക്കും. വ്യാപാരികൾക്കുള്ള ധന സഹായം ഇന്ന് വൈകിട്ട് 5.30ന് ചെറുതോണി ടൗണിൽ നടത്തുന്ന പൊതുസമ്മേളനത്തിൽ ജില്ലാ കലക്ടർ എച്ച്.ദിനേശൻ വിതരണം ചെയ്യും. ഇടുക്കി ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് സ്‌കറിയ അദ്ധ്യക്ഷത വഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ ദിവാകരൻ മുഖ്യപ്രഭാഷണം നടത്തും. ലയൺസ്‌ക്ലബ് ഭാരവാഹികളായജോസ് കുഴികണ്ടം, ജോർജിജോർജ്, ബാബുജോസഫ്, മനോജ് സ്‌കറിയ, സാജൻ കുന്നേൽ, എന്നിവർ പരിപാടികൾ വിശദീകരിച്ചു.