തൊടുപുഴ: അന്യസംസ്ഥാനക്കാരിയായ എസ്റ്റേറ്റ് തൊഴിലാളിയെ ബലാത്സംഗം ചെയ്ത ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം തടവും പിഴയും. പീരുമേട് കച്ചേരിക്കുന്ന് രഞ്ജിനി നിവാസിൽ വിശ്വനാഥനെയാണ് (56) തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷിച്ചത്. കുട്ടിക്കാനം കള്ളിവേലിൽ എസ്റ്റേറ്റിലെ ജോലിക്കാരനായിരുന്ന ഒറീസ സ്വദേശി കുന്ദൻമാജിയുടെ ഭാര്യ സബിതമാജിയെയാണ് (32) പ്രതി ബലാത്സംഗം ചെയ്ത ശേഷം വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ജീവപര്യന്തം തടവും അമ്പതിനായിരംരൂപ പിഴയും ബലാത്സംഗത്തിന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷകളെല്ലാം ഒരേ കാലയളവിൽ അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ ഒമ്പതു മാസം കഠിനതടവു കൂടി അനുഭവിക്കണം. പ്രതി പിഴസംഖ്യ അടയ്ക്കുന്ന പക്ഷം കൊല്ലപ്പെട്ട സബിതമാജിയുടെ ഭർത്താവ് കുന്ദൻമാജിയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു.

2017 ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കുന്ദൻമാജിയുടെ സമീപ ലയത്തിലെ താമസക്കാരനും കള്ളിവേലിൽ എസ്റ്റേറ്റിലെ ജീവനക്കാരനുമായിരുന്നു വിശ്വനാഥൻ. ഇയാൾ സബിതമാജിയെ പലപ്പോഴും തന്റെ ലൈഗിക ഇംഗിതത്തിന് വശംവദയാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇവർ വഴങ്ങിയിരുന്നില്ല. വൈരാഗ്യം വെച്ചുപുലർത്തിയ പ്രതി തൊട്ടടുത്ത ലയത്തിലെ താമസക്കാരനും ഒറീസ സ്വദേശിയുമായ പ്രഹ്ളാദ പത്രയുടെ സഹായത്തോടെ എസ്റ്റേറ്റിലെ അവധി ദിനത്തിൽ മറ്റു തൊഴിലാളികൾ ഇല്ലാത്ത അവസരം മുതലെടുത്ത് സബിതമാജിയെ കീഴ്‌പ്പെടുത്താൻ പദ്ധതിയിട്ടു. അവധിദിവസങ്ങളിൽ സബിതാമാജി വിറക് ശേഖരിക്കാൻ പോകുമായിരുന്നു. ഇതു മനസിലാക്കിയ പ്രതി, ഇവരെ നിരീക്ഷിക്കാൻ പ്രഹ്ളാദ പത്രയെ നിയോഗിച്ചു. സംഭവദിവസം വിറകുശേഖരിക്കാൻ പോവുകയായിരുന്ന സബിതമാജിയെ പ്രഹ്‌ളാദപത്ര പിന്തുടർന്ന് വിശ്വനാഥന് വിവരം കൈമാറി. ഈറ്റക്കാട്ടിൽ ഒളിച്ചുനിന്ന വിശ്വനാഥൻ വിറകുമായി റോഡിലൂടെ വന്ന സബിതമാജിയുടെ തലയിൽ വാക്കത്തികൊണ്ട് അടിച്ച് ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു. വീണ്ടും ബലാത്സംഗം ചെയ്യുന്നതിന് പ്രഹ്ളാദപത്രയുടെ സഹായത്തോടെ കുറ്റിക്കാട്ടിലേയ്ക്ക് കൊണ്ടുപോകുമ്പോൾ യുവതിയ്ക്ക് ബോധം വന്നു. രക്ഷപ്പെടാൻ ഒരു മരക്കൊമ്പിൽ ഇവർ കൈ ബലമായി പിടിച്ചു. എന്നാൽ, വാക്കത്തി ഉപയോഗിച്ച് സബിതാ മാജിയുടെ കൈ വിശ്വനാഥൻ ആഴത്തിൽ വെട്ടിമുറിച്ചു. ഇവർ നിലവിളിച്ചതോടെ അനവധി തവണ വെട്ടി കൊലപ്പെടുത്തി. സബിതാ മാജിയുടെ ശരീരത്തിൽ 56 മുറിവുകൾ കണ്ടെത്തിയിരുന്നു. പ്രഹ്ളാദപത്രയുടെ സഹായത്തോടെയാണ് പ്രതി മൃതദേഹം കുറ്റിക്കാട്ടിൽ ഒളിപ്പിച്ചത്. ഭാര്യയെ കാണാതെ വന്നതോടെ കുന്ദൻമാജി നാട്ടുകാരുടെ സഹാത്തോടെ നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സഹായകമായത്. രണ്ടാം പ്രതി മാപ്പുസാക്ഷിയായി നൽകിയ മൊഴിയും ഏറെ നിർണായകമായി. ജില്ലാ പൊലീസ് മേധാവിയായിരുന്ന എ.വി. ജോർജ്ജിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പീരുമേട് സി.ഐ വി. ഷിബുകുമാറാണ് കോടതിയിൽ കുറ്റപത്രം സമർപിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുര്യൻ ഹാജരായി.