തൊടുപുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവീസുകൾ മുടങ്ങിയത് യൂണിറ്റുതല മാനേജുമെന്റിന്റെ പിടിപ്പുകേട് മൂലമാണെന്ന് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി. ഹൈറേഞ്ച് മേഖഖലയിലേയ്ക്കുള്ള സർവീസുകൾ അട്ടിമറിക്കാൻ ഗൂഢശ്രമമുണ്ട്. അതുപോലെ തൃശൂർ മേഖലയിലേയ്ക്ക് അതിരാവിലെയുള്ള സർവീസും പലപ്പോഴും കാരണമില്ലാതെ റദ്ദാക്കുന്നു. കട്ടപ്പന, അടിമാലി സർവീസുകളും ഇതുപോലെ റദ്ദാക്കുന്നുണ്ട്. പണം അടയ്ക്കാനുള്ള കാലതാമസമാണ് ഡീസൽക്ഷാമത്തിന് ഇടയാക്കിയത്. ഇത്തരം സന്ദർഭങ്ങളിൽ സമീപ ഡിപ്പോകളിൽ നിന്ന് ഇന്ധനം നിറച്ച് സർവീസുകൾ പുനഃക്രമീകരിക്കാവുന്നതേയുള്ളൂ. ഹൈറേഞ്ച് മേഖലയിലേയ്ക്ക് സർവീസിന് അയയ്‌ക്കേണ്ട ബസ് സമീപ ഡിപ്പോയിലേയ്ക്ക് സർവീസ് നടത്തി ഇന്ധനം നിറച്ച ശേഷം പതിവു പോലെ അയയ്ക്കാനാവും. എന്നാൽ, ബദൽ ക്രമീകരണങ്ങൾക്ക് മുതിരാതെ സർവീസുകൾ അപ്പാടെ റദ്ദാക്കുന്നത് ന്യായീകരിക്കാനാവില്ല. സർവീസ് റദ്ദാക്കാൻ കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.