തൊടുപുഴപൊലീസ് സ്റ്റേഷനിൽ ഹെൽത്ത് ക്ലബ്ബ് ആരംഭിക്കുന്നു
തൊടുപുഴ: ഭക്ഷണം കഴിക്കാൻ കാന്റീൻ മാത്രമല്ല, കഴിച്ച ഭക്ഷണം നേരെ ചൊവ്വേ ശരീരത്തിൽ പിടിക്കാൻ ഇനി ജിംനേഷ്യവും ഒരുങ്ങുന്നു. തൊടുപുഴ പൊലീസ് സ്‌റ്റേഷനിലാണ് അത്യാധുനിക നിലവാരത്തിലുള്ള ഹെൽത്ത് ക്‌ളബ്ബ് ഒരുങ്ങുന്നത്. പൊലീസ് സേനയുടെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം ഹെൽത്ത് ക്ലബ്ബുകൾ ആരംഭിക്കണമെന്ന ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിന്റെ നിർദേശപ്രകാരമാണ് ജിംനേഷ്യത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. 40 ലക്ഷത്തോളം രൂപ ചിലവ് വരുന്ന പദ്ധതിയുടെ നിർമാണത്തിന് പൊലീസ് അസോസിയേഷനാണ് നേതൃത്വം വഹിക്കുന്നത്. കാന്റിന്റെ പ്രവർത്തനത്തിൽ നിന്നും ലഭിക്കുന്ന വരുമാനവും പൊലീസ് ഉദ്യോഗസ്ഥർ സൊസൈറ്റിയിൽ നിന്നും ലോണെടുത്തുമാണ് ഫണ്ട് കണ്ടെത്തുക. 10,000 രൂപ വീതമുള്ള ദീർഘകാല അംഗത്വ മെമ്പർഷിപ്പിലൂടെയും ഫണ്ട് സമാഹരിക്കും.പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള ജനമൈത്രി ഓഡിറ്റോറിയത്തിന് സമീപത്തായാണ് ഹെൽത്ത് ക്ലബ്ബിന്റെ നിർമാണം പുരോഗമിക്കുന്നത്. പൊലീസ് കാന്റിന് സമാനമായി കുറഞ്ഞ ചിലവിൽ പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും വിധമാണ് ഹെൽത്ത് ക്ലബ്ബ് ആരംഭിക്കുക. സ്ത്രീകൾക്കും ഉപയോഗിക്കാനാവും വിധമാണ് പ്രവർത്തനം. ഇതിനായി പ്രത്യേക സമയക്രമം ഏർപ്പെടുത്തും.
തൊടുപുഴയാറിന്റെ തീരത്താണ് ജിംനേഷ്യം. മേൽക്കൂരയുടെയും തൂണുകളുടെയും വെൽഡിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. തറ കോൺക്രീറ്റിംഗും സൈഡുകളിൽ ഗ്ലാസ് വർക്കുകളുമാണ് ഇനിയുള്ളത്. ശേഷം ഹെൽത്ത് ക്ലബ്ബിലേയ്ക്കുള്ള അത്യാധുനീക ഉപകരണങ്ങളും എത്തിക്കും. പ്രത്യേകം ടോയ്‌ലറ്റുകൾ, ഡ്രസിംഗ് റൂമുകൾ എന്നിവയും ഇതോടനുബന്ധിച്ച് ഉണ്ടാകും. ജൂൺ ആദ്യവാരത്തോടെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. തൊടുപുഴയിലെയും സമീപ പൊലീസ് സ്റ്റേഷനുകളിലെയും സേനാംഗങ്ങൾക്ക് ജിംനേഷ്യത്തിന്റെ പ്രയോജനം ലഭിക്കും. അതോടൊപ്പം പൊതുജനങ്ങൾക്കും ലഭ്യമാവും വിധമാണ് ക്രമീകരണം. പൊലീസ് സേനയിൽ തന്നെയുള്ള വിദഗ്ധരാണ് പരിശീലനം നൽകുക. തൊടുപുഴ കൂടാതെ കട്ടപ്പന, മൂന്നാർ എന്നിവിടങ്ങളിലും വൈകാതെ ഹെൽത്ത് ക്ലബ്ബുകൾ ആരംഭിക്കാനാണ് തീരുമാനം.