പീരുമേട്: റോഡരുകിലിരുന്ന കോൺക്രീറ്റു മിശ്രണ യന്ത്രം മോഷണംപോയി,ഉടമയുടെ പരാതിയിൽ പൊലീസ് അന്വേഷണത്തിൽ തമിഴ്‌നാട്ടിൽ നിന്നും മോഷണ മുതൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് പീരുമേട് അമ്പലത്തിനു സമീപത്ത് റോഡരികിൽ വെച്ചിരുന്ന കോൺക്രീറ്റ് മിശ്രണ. യന്ത്രം മോഷണം പോയതായി പീരുമേട് സ്വദേശി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോലെഴുത സ്വദേശിയായ യുവാവ് ഇത് കൊണ്ടുപോയതായി വിവരം ലഭിച്ചത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചതിൽ കുമളി ഭാഗത്തേക്ക് മറ്റൊരു വാഹനത്തിൽ കെട്ടി വലിച്ചു കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചു. മോഷ്ടാവിനെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിലെ കമ്പത്ത് നിന്ന് മോഷണ മുതൽ ലഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. സമാനമായ രീതിയിൽ സാധനങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിൽ നിന്ന് കട തുറന്ന് ഗ്യാസ് അടുപ്പ്, ദോശക്കല്ല്, പാത്രങ്ങൾ എന്നിവ മോഷ്ടിച്ച കേസിലെ പ്രതിയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ആദ്യ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് രണ്ടാമത്തെ മോഷണം.