കരിമണ്ണൂർ: വൃദ്ധയെ വാടക വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാർ പെരുമ്പിഴപകുതിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരിയെയാണ് (68) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരിമണ്ണൂർ പെട്രോൾ പമ്പിന് സമീപത്തെ വാടകവീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മകനും മരുമകൾക്കുമൊപ്പം താമസിച്ചിരുന്ന ഇവർ എല്ലാ ദിവസവും രാവിലെ ഒറ്റയ്ക്ക് പള്ളിയിൽ പോകുന്ന പതിവുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ആറിന് മകനും ഭാര്യയും ഉണർന്നപ്പോൾ ഇവരെ കണ്ടില്ല. പള്ളിയിൽ പോയെന്നാണ് കരുതിയത്. ഏറെ നേരമായിട്ടും കാണാതെ വന്നതോടെ കരിമണ്ണൂരിലെയും മുതലക്കോടത്തെയും ആശുപത്രികളിൽ അന്വേഷിച്ചു. എറ്റവുമൊടുവിൽ വീട്ടുപരിസരത്ത് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. കരിമണ്ണൂർ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. തൊടുപുഴയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ ടി.പി. കരുണാകരൻ പിള്ളയുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇരുമ്പുവല ഉപയോഗിച്ച് മൂടിയിരുന്ന കിണറ്റിലാണ് മൃതദേഹം കിടന്നിരുന്നത്.