രാജാക്കാട്: രാജകുമാരി ഇടമറ്റത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട സ്‌കോർപ്പിയോ നൂറടിയോളം താഴ്ചയിലേയ്ക്ക് പതിച്ചു. ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൂമ്പൻപാറ ഊരാക്കുടിയിൽ ബഷീറിന്റെ വാഹനമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ ബഷീർ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. കൂമ്പൻപാറയിൽ നിന്ന് ബഷീർ പൂപ്പാറയ്ക്ക് പോവുകയായിരുന്നു. ഞെരിപ്പാലം വളവുകഴിഞ്ഞ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേയ്ക്ക് പതിക്കുകയുമായിരുന്നു. മുകളിൽ നിന്ന് മലക്കം മറിഞ്ഞ് വാഹനം സമീപത്തെ പ്ലാവിൽ തട്ടി നിൽക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സമീപ വാസികളാണ് വാഹനത്തിൽ നിന്ന് ബഷീറിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതിന് മുമ്പും ഇവിടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ടെന്നും അപകട മേഖലയായിട്ടും സൂചനാ ബോർഡോ ക്രാഷ് ബാരിയറുകളോ സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.