രാജാക്കാട്: ചിന്നക്കനാൽ സൂര്യനെല്ലിയിൽ ഭൂരഹിതരായ തോട്ടം തൊഴിലാളികൾ ഭൂമി കൈയേറി നടത്തുന്ന സമരം 16 ദിവസം പിന്നിട്ടു. ഇന്നലെ സമര സമിതി നേതാക്കളും സി.പി.ഐ നേതാക്കളും ജില്ലാ കളക്ടറെ കണ്ട് ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. 500 തൊഴിലാളികൾ ഒപ്പിട്ട നിവേദനം സംഘം കളക്ടർക്ക് സമർപ്പിച്ചു. നാല് തലമുറകളായി ഭൂരഹിതരായി കഴിയുന്ന തോട്ടം തൊഴിലാളികൾക്ക് 10 സെന്റ് ഭൂമി വീതം അനുവദിക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം. അടുത്ത ദിവസം സ്ഥലം സന്ദർശിക്കുമെന്ന് കളക്ടർ അറിയിച്ചതായി സമര സമിതി നേതാക്കൾ പറഞ്ഞു. എന്നാൽ തൊഴിലാളികൾക്ക് ഭൂമി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമെ സൂര്യനെല്ലിയിലെ സമരം അവസാനിപ്പിക്കൂവെന്ന് സി.പി.ഐ നേതാക്കളും തൊഴിലാളികളും പറഞ്ഞു. സി.പി.ഐ നേതാക്കളായ പി.പളനിവേൽ, ജി.എൻ.ഗുരുനാഥൻ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി അൻപുരാജ്, എ. യേശുദാസ്, കെ.പരമർ, സമര സമിതി കൺവീനർ ഡി.രാജേഷ് കുമാർ എന്നിവർ കളക്ടറുമായുള്ള കൂടികാഴ്ചയിൽ പങ്കെടുത്തു. ഏപ്രിൽ 21ന് ആയിരുന്നു നൂറോളം വരുന്ന തൊഴിലാളി കുടുംബങ്ങൾ സൂര്യനെല്ലി ടൗണിന് സമീപത്തെ രണ്ടേമുക്കാൽ ഏക്കറോളം റവന്യൂ ഭൂമി കൈയേറി കുടിലുകൾ നിർമ്മിച്ചത്.