place
മറയൂരിൽ കൃഷിഭൂമി നിരത്തി പ്ലോട്ടുകളാക്കി വില്പനക്കായി ഇട്ടിരിക്കുന്നു.

മറയൂർ: കാർഷിക മേഖലയെ ഇല്ലായ്മ ചെയ്ത് ഭൂ മാഫിയ മറയൂരിൽ പിടിമുറുക്കുന്നു. നിലവിലുള്ള കാലാവസ്ഥയെ തകിടം മറിച്ച് അഞ്ചുനാട് മേഖലയിൽ കൃഷി നിലങ്ങൾ നികത്തി ആയിരക്കണക്കിന് കെട്ടിടങ്ങൾ ഉയരുന്നു. ദേവികുളം താലൂക്കിലെ പ്രധാന കാർഷികമേഖലയായ മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ വിളഭൂമികൾ നിരത്തിയാണ് ചെറു പ്ലോട്ടുകളാക്കി വിൽക്കുന്നത്. കാലങ്ങളായി കരിമ്പ്, കവുങ്ങ്, തെങ്ങ് എന്നിങ്ങനെ കൃഷി ചെയ്തിരുന്ന നിലങ്ങളാണ് അവ പിഴുതുമാറ്റി പ്ലോട്ടുകളാക്കി വില്പന നടത്തുന്നത് . ചുറ്റും വനഭൂമിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ മേഖലയിൽ പരിമിതമായ സ്ഥലത്തു മാത്രമാണ് കൃഷി ചെയ്തുവരുന്നത്.
ഈ കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ് ഏറെയും. കരിമ്പും കമുകും തെങ്ങും കൊക്കോയും എല്ലാം പിഴുതുമാറ്റി 5,10 സെന്റുകളാക്കി വില്പനക്കായി 10 ലധികം സ്ഥലങ്ങളിൽ ഭൂമി ഒരുക്കി കഴിഞ്ഞു.ഇതിൽ ഭൂരിഭാഗവും നിലം എന്ന വിഭാഗത്തിൽപ്പെടുന്നവയാണ്. നിലം എന്ന ഗണത്തിൽ വരുന്ന സ്ഥലങ്ങളിൽ വീടുകൾ വയ്ക്കുന്നതിന് ചില ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ മറവിൽ പ്ലോട്ടുകളായി തിരിച്ച് വില്പന നടത്തുന്നതിന് ചില സംഘങ്ങൾ ഇവിടെ സജീവമാണ്. സ്ഥലത്ത് ഉണ്ടായിരുന്ന മുഴുവൻ വിളകളും വെട്ടിമാറ്റിയാണ് നികത്തിയിരിക്കുന്നത്. നിലമായതിനാൽ കുറഞ്ഞ വിലക്ക് സ്ഥലം മൊത്തമായി വാങ്ങി പ്ലോട്ടുകളായി തിരിച്ച് മൂന്നിരട്ടി വിലക്ക് വിറ്റുവരുന്നു.സർക്കാറിന്റെ ചില പദ്ധതികളിലൂടെ വീടുകൾ നിർമ്മിക്കുന്നതിന് ഈ സ്ഥലം നല്കി വരുന്നു. ചരിഞ്ഞ പ്രദേശമായതിനാൽ മഴവെള്ളം ഒഴുകി പോകുന്നതിനാൽ ചെറിയ വേനൽ വന്നാൽ പോലും കൊടും വരൾച്ചയാണ് ഇപ്പോൾ അനുഭവിച്ചു വരുന്നത്. ആവശ്യത്തിന് കുടിവെള്ളം പോലും ലഭിക്കുന്നില്ല. പരിമിതമായി മാത്രം കൃഷി ഭൂമിയുള്ള ഈ മേഖലയിൽ അനിയന്ത്രിതമായി വീടുകൾ നിർമിച്ചാൽ അത് കാലാവസ്ഥയിൽ കാതലായ മാറ്റം വരുത്തും. നിലവിലുള്ള ചൂട് ഗണ്യമായി വർദ്ധിക്കുകയും ചെയ്യും. അടുത്ത തലമുറക്ക് വേണ്ടി നിലവിൽ ഭവന നിർമ്മാണത്തിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കുവാനുള്ള യാതൊരു വിധ നടപടികളും അധികൃതർ സ്വീകരിക്കുന്നുമില്ല. ഇപ്പോൾ തന്നെ ഒരു നിയന്ത്രണവുമില്ലാതെയാണ് ആയിരകണക്കിന് വീടുകളും റിസോർട്ടുകളുമാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.ഇവയിൽ ഭൂരിഭാഗവും മററ് പ്രദേശങ്ങളിൽ നിന്നുമുള്ളവരുടെ ഉടമസ്ഥതയിലാണ്. പ്ലോട്ട് മാഫിയയ്ക്ക് എല്ലാ സഹായവും നല്കി ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും രംഗത്ത് സജീവമാണ്.