മറയൂർ: ആദിവാസി കുടിയിലെ കൊലക്കേസ് പ്രതി പുത്രനെ പിടികൂടാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണ സംഘം സമീപത്തെ ചോല വനങ്ങളിൽ ഊർജിതമായി തിരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ സൂചന പോലും നൽകാതെ പ്രതി പുത്രൻ ഒളിവിൽ കഴിയുകയാണ്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. മൂന്നാർ ഡി.വൈ.എസ്.പി ഡി.എസ്. സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ മൂന്നാർ സി.ഐ സാജൻ സേവ്യർ, മറയൂർ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് വി.ആർ. ജഗദീഷ്, മറയൂർ എസ്.ഐ ജി. അജയകുമാർ എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്. ഏപ്രിൽ 29ന് വൈകിട്ട് ആറിനാണ് തീർത്ഥമല ശൂശിനിക്കുടി സ്വദേശി രംഗസ്വാമിയുടെ മകൻ അയ്യാസ്വാമിയെ (52) കുടിക്ക് സമീപം തേവക്കാട് ഭാഗത്ത് വച്ച് തീർത്ഥമല കുടി സ്വദേശി പുത്രൻ (37) എന്നയാൾ കല്ലുകൊണ്ട് തലക്കടിച്ച് വീഴ്ത്തിയത്. താഴെ വീണ അയ്യാസ്വാമിയുടെ അലർച്ചകേട്ട് ശൂശിനി കുടിയിലെ രാമകൃഷ്ണൻ ഓടിയെത്തിയപ്പോൾ പുത്രൻ ഒരാളെ കാലിൽ പിടിച്ച് താഴെ വലിച്ചുകൊണ്ടു പോകുന്നതാണ് കണ്ടത്. സമീപത്തുള്ള വനംവകുപ്പിന്റെ വാച്ചർ ഷെഡിൽ വിളിച്ചറിയിച്ചു. ഇവർ പൊലീസിന് വിവരം കൈമാറി. കൊക്കയിൽ നിന്ന് താഴെ വീണ അയ്യാസ്വാമിയുടെ മരണം ഉറപ്പു വരുത്തുന്നതിനായി അവിടെ നിന്നും വീണ്ടും വലിച്ചിഴച്ച് വെള്ളത്തിൽ കൊണ്ടിട്ടു. പിന്നീട് പുത്രൻ നടന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള തീർത്ഥ മല കുടിയിലെ വീട്ടിലെത്തി. ഈ സമയത്ത് അയ്യാസ്വാമിയെ പുത്രൻ കൊല ചെയ്ത വിവരം കുടിക്കാർ അറിയുകയും പുത്രൻ വീട്ടിലുള്ള വിവരം പോലിസിനെ അറിയിക്കുകയും ചെയ്തു. പോലീസ് എത്തുമെന്നറിഞ്ഞ പുത്രൻ പുറത്തിറങ്ങി പടക്കം പൊട്ടിച്ച ശേഷം തീർത്ഥ മല കുടിയുടെ പിൻവശത്തുള്ള ചോല വനത്തിലേക്ക് പോവുകയായിരുന്നു. തമിഴ്നാട്ടിലും കേരളത്തിലുമായി എൻപതിലധികം മുതുവാൻ ആദിവാസി കോളനികളുണ്ട്. ഇവിടെയെല്ലാം മലയാളത്തിലും തമിഴിലുമുള്ള ലുക്ക്ഔട്ട് നോട്ടീസ് പതിയ്ക്കുവാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു.