ഇടുക്കി: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയവരിൽ 98.44 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 822 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ആകെ 12125 വിദ്യാർത്ഥികളാണ് ജില്ലയിൽ പരീക്ഷയെഴുതിയത്. ഇതിൽ 11936 പേർ ഉപരിപഠനത്തിന് യോഗ്യതനേടി. കഴിഞ്ഞ വർഷം ജില്ലയുടെ വിജയശതമാനം 98.28 ആയിരുന്നു. സംസ്ഥാന തലത്തിൽ ജില്ലയ്ക്ക് എട്ടാം സ്ഥാനമാണുള്ളത്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ 98.79 ശതമാനമാണ് വിജയം. 5367 കുട്ടികൾ പരീക്ഷയെഴുതിയതിൽ 5302 പേർ ഉപരിപഠനത്തിന് യോഗ്യതനേടി. ഇതിൽ 409 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ 98.17 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 6758 വിദ്യാർത്ഥികളിൽ 6634 പേർ വിജയിച്ചു. 89 സ്‌കൂളുകൾ സമ്പൂർണ വിജയം നേടി. ഇതിൽ 46 എണ്ണം സർക്കാർ സ്‌കൂളുകളാണ്. 44 എയ്ഡഡ് സ്‌കൂളുകളും എട്ട് അൺ എയ്ഡഡ് സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടി.