അടിമാലി: 236 കുട്ടികൾ പരീക്ഷയെഴുതിയ അടിമാലി കൂമ്പൻപാറ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ഇത്തവണയും 100 ശതമാനം വിജയം കൊയ്തു. പരീക്ഷയെഴുതിയ 35 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 14 വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ കല്ലാർ സർക്കാർ ഹൈസ്‌ക്കൂളും 100 ശതമാനം വിജയം കൈവരിച്ചു. 28 കുട്ടികൾ പരീക്ഷയെഴുതിയ അടിമാലി വിവേകാനന്ദ വിദ്യാസദൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ തുടർച്ചയായ 22-ാം തവണയും നൂറ് ശതമാനം വിജയം കൊയ്തു. ഇവിടെ ഒമ്പത് കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ആദിവാസി പിന്നാക്ക മേഖലയിൽ നിന്നുള്ള കുട്ടികൾ പഠനം നടത്തുന്ന അടിമാലി സർക്കാർ ഹൈസ്‌ക്കൂളിന് 92 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 100 കുട്ടികളിൽ 93 പേരും വിജയിച്ചു. അടിമാലി എസ്.എൻ.ഡി.പി ഹൈസ്‌ക്കൂളിൽ 103 വിദ്യാർത്ഥികളായിരുന്നു ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയ 99 ശതമാനം വിദ്യാർത്ഥികളും സ്‌കൂളിൽ വിജയിച്ചു. ഒമ്പത് കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 84 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ അടിമാലി ദേവിയാർ കോളനി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന് 97 ശതമാനം വിജയം ലഭിച്ചു. സ്‌കൂളിലെ ഒരു വിദ്യാർത്ഥി എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കുഞ്ചിത്തണ്ണി സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 57 വിദ്യാർത്ഥികളും വിജയിച്ചു. എട്ട് വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. 105 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്ന മാങ്കടവ് കാർമ്മൽ മാതാ ഹൈസ്‌കൂളും മച്ചിപ്ലാവ് കാർമ്മൽ മാതാ സ്‌കൂളും ഇത്തവണ നൂറ് ശതമാനം വിജയം കൈവരിച്ചു. മാങ്കടവ് കാർമ്മൽ മാതാ സ്‌കൂളിൽ ഒമ്പത് വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി.