മറയൂർ: അമിതമായി മദ്യപിച്ച് ഓടിച്ച ആട്ടോറിക്ഷ മറ്റൊരു ആട്ടോറിക്ഷയിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. മറയൂർ ഉടുമലൈ സംസ്ഥാന പാതയിൽ ബാബുനഗറിന് സമീപത്ത് തിങ്കളാഴ്ച രാത്രി ഏഴിനാണ് അപകടം ഉണ്ടായത്. മറയൂർ പട്ടം കോളനി പത്തു വീട് സ്വദേശി അരുണഗിരിയുടെ മകൻ അരുൺകുമാർ (20), കാന്തല്ലൂർ ഗുഹനാഥപുരം എസ്.സി കോളനിയിൽ ആറു മുഖത്തിന്റെ മകൻ ജയചന്ദ്രൻ (29) എന്നിവർക്കാണ് പരിക്കേറ്റത്. അമിതമായി മദ്യപിച്ച ജയചന്ദ്രൻ സുഹൃത്തുക്കളുമായി മറയൂരിൽ സിനിമ കാണാനായി എത്തിയതാണ്. സിനിമ കാണുന്നതിനിടയ്ക്ക് സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കി പുറത്തിറങ്ങിയ ജയചന്ദ്രൻ കൂടെയുണ്ടായിരുന്ന മറ്റൊരാളുടെ ആട്ടോറിക്ഷ എടുത്തു മറയൂർ ടൗണിലേക്ക് വരവെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ അരുണിന്റെ ആട്ടോ തെറിച്ച് മറ്റൊരു ജീപ്പിൽ ഇടിച്ചു നിന്നു. ഓടിക്കൂടിയ നാട്ടുകാർ ആട്ടോറിക്ഷയുടെ അടിയിൽ കിടക്കുകയായിരുന്ന ജയചന്ദ്രനെ ഓട്ടോ പൊക്കിയാണ് എടുത്തത്. പരിക്കേറ്റവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. മറയൂർ പൊലീസ് സംഘമെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.