പീരുമേട്: പ്രാർത്ഥനാ യോഗം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ചു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാമ്പനാർ എസ്റ്റേറ്റിലെ സൂപ്പർ വൈസർ ലക്ഷ്മണന്റെ ഭാര്യ ജയ ലക്ഷ്മണനാണ് (60) മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെ ദേശീയപാത 183 ൽ പഴയപാമ്പനാർ പെട്രോൾ ബങ്കിനു സമീപമായിരുന്നു അപകടം. പഴയ പാമ്പനാറ്റിലെ ദേവാലയത്തിൽ രാത്രികാല പ്രാർത്ഥനാ യോഗം കഴിഞ്ഞു ദമ്പതികൾ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാൽ വാങ്ങുന്നതിനായി ഭർത്താവ് ഇരുചക്ര വാഹനം നിറുത്തി കടയിലേക്ക് പോയി. ഈസമയം ഇരുചക്ര വാഹനത്തിൽ ചാരി നിൽക്കുകയായിരുന്ന വീട്ടമ്മയെ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു വീഴ്ത്തിയത്. ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. മക്കൾ: യേശുദാസ്, ജ്യോതി, ശോഭാ.