രാജാക്കാട്: സൂര്യനെല്ലിയിൽ ഭൂരഹിത തോട്ടം തൊഴിലാളികൾ നടത്തുന്ന കുടിൽകെട്ടി സമരത്തിന് പിന്തുണയേറുന്നു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, സി.പി.ഐ.എം.എൽ റെഡ് ഫ്ളാഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ ദിലീപ്, ജില്ലാ സെക്രട്ടറി ബാബു മാഞ്ഞിലൂർ, സംസ്ഥാനകമ്മറ്റി അംഗം സച്ചിൻ കെ.ടോമി തുടങ്ങിയവർ ഇന്നലെ സമരവേദി സന്ദർശിച്ചു. അതേസമയം സമരം സമാവായ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള നീക്കം ജില്ലാ ഭരണകൂടവും ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികൾ അടുത്ത ദിവസം റവന്യൂ മന്ത്രിയെ കണ്ട് നിവേദനം സമർപ്പിക്കും. തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ജില്ലയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി സർവ്വക്ഷിയോഗം വിളിക്കണമെന്നും സമരഭൂമിയിൽ എത്തിയ ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. സമരത്തെ അവഗണിക്കുന്നത് തുടർന്നാൽ റവന്യൂ ഓഫീസുകൾ ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ നടത്താനാണ് പാർട്ടിയുടെ തീരുമാനം. ബ്ളോക്ക് പ്രസിഡന്റ് ഡി. കുമാർ, മണ്ഡലം പ്രസിഡന്റ് മുരുകപാണ്ഡി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. റെഡ് ഫ്ളാഗിന്റെ പിന്തുണ സമരത്തെ കൂടുതൽ ശക്തമാക്കുമെന്നാണ് സൂചന. സി.പി.ഐ സമരത്തിന് ആദ്യംതന്നെ പിന്തുണയുമായി രംഗത്ത് വന്നിരുന്നു. തൊട്ടുപിന്നാലെ ആദിവാസി സംഘടനകളും ഐക്യദാർഢ്യം അറിയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം അഞ്ഞൂറോളം പേർ ഒപ്പിട്ട നിവേദനവുമായി ജില്ലാ കളക്ടറെ കണ്ട സംഘത്തിന്റെ മുൻനിരയിൽ സി.പി.ഐ നേതാക്കൾ ഉണ്ടായിരുന്നു. അർഹരായ ഭൂരഹിത തൊഴിലാളികൾക്ക് ഭൂമി നൽകാൻ നടപടി സ്വീകരിക്കുമെന്നും എന്നാൽ സർക്കാർ ഭൂമിയിൽ തുടരുന്ന കുടിൽകെട്ടി സമരം അവസാനിപ്പിച്ചില്ലെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേയ്ക്ക് നീങ്ങേണ്ടി വരുമെന്നുമാണ് സംഘത്തെ കളക്ടർ അറിയിച്ചത്. എങ്കിലും ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പും നൽകിയിട്ടുണ്ട്. ഭൂരഹിത തൊഴിലാളികളായ തങ്ങളെ കൈയേറ്റക്കാരായി കാണുന്നതിൽ സംഘം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ചിന്നക്കനാൽ മേഖലയിലെ വൻകിട കൈയേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികളെ ബലമായി കുടിയിറക്കിയാൽ വലിയ സംഘർഷത്തിലേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ചർച്ചയിലൂടെ ഒത്തുതീർപ്പാക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. സമരം പതിനെട്ടാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലും സി.പി.എം പ്രതികരികാത്തതിൽ പ്രദേശത്തെ സി.ഐ.ടി.യു തൊഴിലാളികൾക്ക് അമർഷമുണ്ട്. പലരും പ്രദേശിക നേതൃത്വത്തോട് ഇത് പ്രകടിപ്പിച്ചുകഴിഞ്ഞതായാണ് സൂചന.