ഇടുക്കി: ജില്ലാ ദുരന്ത നിവാരണ അതോറിട്ടി, യു.എൻ.ഡി.പിയുടെ മേനോട്ടത്തിൽ മേഴ്‌സി കോർപ്പ്‌സ് ഇന്ത്യയുടെ സഹകരണത്തോടെ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും മുൻസിപ്പൽ ചെയർമാൻമാർക്കും സെക്രട്ടറിമാർക്കും നൽകുന്ന ഏകദിന പരിശീലന പരിപാടി ഇന്ന് നടക്കും. ഇന്ന് രാവിലെ 10ന് കളക്ട്റേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാകളക്ടർ എച്ച്. ദിനേശൻ പരിപാടി ഉദ്ഘാടനം ചെയ്യും. എ.ഡി.എം അനിൽ ഉമ്മൻ അദ്ധ്യക്ഷനായിരിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾ, മുന്നൊരുക്കങ്ങൾ, മൺസൂൺ തയ്യാറെടുപ്പുകൾ, പദ്ധതി തയ്യാറാക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. ഇടുക്കിയുടെ പ്രത്യേക സാഹചര്യത്തിൽ മൺസൂണിന് മുമ്പ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും നൽകുന്ന പരിശീലനം ദുരന്ത ആഘാത ലഘൂകരണത്തിന് ഗുണകരമാകും.