തൊടുപുഴ: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയ്ക്ക് 84.24 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെ വിജയശതമാനം 85.6 ആയിരുന്നു. ജില്ലയിൽ 80 സ്കൂളുകളിൽ നിന്നായി 10922 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 9201 പേർ വിജയിച്ചു. 496 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇതിൽ ഏഴ് വിദ്യാർത്ഥികൾ മുഴുവൻ മാർക്കും നേടി. ജില്ലയിൽ പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസും അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസുമാണ് നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾ.ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 67.55 ശതമാനമാണ് വിജയം. 188 കുട്ടികൾ പരീക്ഷയെഴുതിയതിൽ 127 പേരാണ് വിജയിച്ചത്. നാല് പേർ മാത്രമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 47.69 ശതമാനമാണ് വിജയം. 757 പേർ പരീക്ഷയെഴുതിയതിൽ 361 പേർ മാത്രമാണ് വിജയിച്ചത്. മൂന്ന് പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

വി.എച്ച്.എസ്.ഇയിലും മികച്ച വിജയം

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ല മികച്ച വിജയം നേടി. 1120 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. പാർട്ട് ഒന്നും രണ്ടും വിഭാഗത്തിൽ 989 പേർ വിജയിച്ചു. 88.30 ആണ് വിജയശതമാനം. പാർട്ട് ഒന്ന്,​ രണ്ട്,​ മൂന്ന് വിഭാഗത്തിൽ 899 പേരാണ് വിജയിച്ചത്. വിജയശതമാനം 80.27. കഴിഞ്ഞ വർഷം പാർട്ട് ഒന്നും രണ്ടും വിഭാഗങ്ങളിൽ 89.85 ശതമാനമായിരുന്നു വിജയം. ഒന്ന്,​ രണ്ട്,​ മൂന്ന് വിഭാഗങ്ങളിൽ 78.63 ശതമാനമായിരുന്നു വിജയം.