തൊടുപുഴ: ആകെ മാർക്ക് 1200, അതിൽ ഒരെണ്ണം പോലും കളയാതെ മുഴുവൻ മാർക്കും നേടിയ മിടുക്കന്മാരെയും മിടുക്കികളെയും 'ദ കംപ്ലീറ്റ് സ്റ്റുഡന്റ് '' എന്നല്ലാതെ എന്ത് വിളിക്കും. ജില്ലയിൽ ആകെ ഏഴ് പേരാണ് മുഴുവൻ മാർക്കും നേടി മിന്നുന്ന വിജയം കരസ്ഥമാക്കിയത്.നാലു പേർ കൊമേഴ‌്സ‌് വിഭാഗത്തിലും മൂന്നു പേർ സയൻസ‌് വിഭാഗത്തിലുമാണ് മുഴുവൻ മാർക്കും നേടിയത്. മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിച്ചു. സയൻസ് വിഭാഗത്തിൽ ദേവിക കെ.എസും കൊമേഴ്സ് വിഭാഗത്തിൽ അഷ്‌കർ പി.അനസും. പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ചപ്പോൾ മുതൽ പ്ലസ്ടുവിലും മുഴുവൻ മാർക്കും വാങ്ങാനുള്ള ശ്രമം ഇരുവരും നടത്തിയിരുന്നു. മെഡിസിന് പഠിക്കാനാണ് അഷ്കറിന് ആഗ്രഹം. ദേവികയ്ക്ക് ബി കോം പഠിക്കാനും. ദേശീയവടംവലി താരം കൂടിയായ അക‌്ഷർ പി. അനസിന് മെഡിസിന് ചേരാനാണ് മോഹം. 2017ൽ മഹാരാഷ്ട്രയിൽ നടന്ന ദേശീയ ജൂനിയർ വിഭാഗം വടംവലി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീമിന്റെ ക്യാപ്ടനായിരുന്നു.കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മുഹമ്മദ് അനസ് പി.എ ആണ് അഷ്കറിന്റെ പിതാവ്. വി.കെ ഹാജിറയാണ് മാതാവ്. എട്ടാംക്ലാസ് വിദ്യാർത്ഥിയായ അക്ബർ സഹോദരനാണ്. റിട്ട. കോടതി ജീവനക്കാരനായ കെ.പി സുനിൽ പ്രസാദാണ് ദേവികയുടെ പിതാവ്. ഷെനിയാണ് മാതാവ്. സി.എ വിദ്യാർത്ഥിനിയായ ഗോപിക കെ.എസ് സഹോദരിയാണ്. കുമാരമംഗലം എം.കെ.എൻ.എം എച്ച‌്.എസ‌്.എസിലെ രണ്ട് വിദ്യാർത്ഥികളും 1200 മാർക്ക് നേടി. സയൻസ് വിഭാഗത്തിൽ നമിത എം. ശർമയും കൊമേഴ്സ് വിഭാഗത്തിൽ കൃഷ‌്ണ രാജേഷും. മുവാറ്റുപുഴ കാവുങ്കര ടിടിഎച്ച‌്എച്ച‌്എസ‌്എസിലെ അധ്യാപകൻ മുത്താരംകുന്ന‌് ചെമ്പകശേരിൽ ഇല്ലത്ത‌് പി മനോജിന്റെയും വണ്ണപ്പുറം എസ‌്എൻഎം വിഎച്ച‌്എസ‌് അധ്യാപിക ഗായത്രിദേവിയുടെയും മകളാണ‌് നമിത എം ശർമ. അഞ്ചുവർഷം തുടർച്ചയായി ഇടുക്കി റവന്യൂ ജില്ലാ കലോത്സവത്തിൽ അക്ഷരശ്ലോകത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട‌്. മാതാപിതാക്കളുടെ പാത പിന്തുടർന്ന‌് കോളേജ‌് അധ്യാപികയാവുകയാണ‌് നമിതയുടെ ലക്ഷ്യം. സഹോദരൻ ബിരുദാനന്തരബിരുദ വിദ്യാർഥി നവനീത‌് സഹോദരനാണ‌്. സിവിൽ സർവീസോ ചാർട്ടേഡ‌് അക്കൗണ്ടന്റോ ആവുകയാണ് കൃഷ‌്ണയുടെ സ്വപ‌്നം. മുട്ടത്ത‌് ബിസിനസുകാരനായ കുളങ്ങരയിൽ കെ.പി രാജേഷിന്റെയും പാലാ മുനിസിപ്പൽ ഓഫീസിലെ സീനിയർ ക്ലർക്ക‌് ഷീജയുടെയും മകളാണ‌്. സ‌്കൂൾ കലോത്സവങ്ങളിൽ ഓട്ടൻതുള്ളൽ, ഒപ്പന, ഗ്രൂപ്പ‌് സോങ‌് ഇനങ്ങളിൽ സമ്മാനവും നേടിയിട്ടുണ്ട‌്. ജേഷ‌്ഠൻ ജിഷ‌്ണു രാജേഷ‌് പാലാ സെന്റ‌് തോമസ‌് കോളേജിൽ രണ്ടംവർഷ ബിരുദ വിദ്യാർത്ഥിയാണ‌്. സയൻസ് വിഭാഗത്തിൽ ഇടുക്കി തങ്കമണി സെന്റ‌് തോമസ‌് എച്ച‌്.എസ‌്.എസിലെ ആൽബി ജോസഫ‌്, കൊമേഴ‌്സ‌് വിഭാഗത്തിൽ കരിമണ്ണൂർ സെന്റ‌് ജോസഫ‌്സ‌് എച്ച‌്.എസ‌്.എസിലെ അഭിഷേക‌് സിബി തുണ്ടിയിൽ, കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ‌് എച്ച‌്.എസ‌്.എസിലെ ഐശ്വര്യ മോഹൻ എന്നിവരും മുഴുവൻ മാർക്കും കരസ്ഥമാക്കി. വായനയ്ക്ക് അധികസമയം ചെലവിടാത്ത അഭിഷേകിന് ഡിഗ്രിയും സി.എയും എടുക്കാനാണ് മോഹം. പ്രസംഗത്തിലും ക്രിക്കറ്റിലുമാണ് താൽപര്യം. കർഷക ദമ്പതികളായ ചീനിക്കുഴി തുണ്ടിയിൽ സിബിയുടെയും സാലിയുടെയും മകനാണ്.