ഇടുക്കി : പരിസ്ഥിതി സൗഹാർദമായ മാതൃകാ പദ്ധതിക്ക് അടിമാലി ഗ്രാമപഞ്ചായത്തിൽ ഇന്ന് തുടക്കം കുറിക്കും. അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും റോഡരികിൽ മരങ്ങളും ചെടികളും ഔഷധ സസ്യങ്ങളും നട്ടുപരിപാലിച്ച് പച്ചതുരത്ത് സൃഷ്ടിക്കുന്നതാണ് പദ്ധതി. പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ തിരിച്ചുവരവിനൊപ്പം യുവതലമുറയ്ക്ക് പ്രചോദനമാകുന്ന രീതിയിലുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി വർഗ്ഗീസ് പറഞ്ഞു. ആദ്യഘട്ടത്തിൽ അടിമാലി പാൽക്കോ പമ്പ് ജംഗ്ഷൻ മുതൽ പക്കായപ്പടി ജംഗ്ഷൻവരെയുള്ള ഭാഗങ്ങളിലാണ് വിവിധ തരത്തിലുള്ള സസ്യങ്ങൾ നടുന്നത്. . നടുന്ന സസ്യങ്ങൾ തുടർന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികളും പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കുചേരും.