രാജാക്കാട്: പ്ലസ് ടൂവിന് 98 ശതമാനം വിജയത്തോടെ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കന്ററി സ്‌കൂൾ മികവ് തുടർന്നു. പരീക്ഷ എഴുതിയ 273 വിദ്യാർത്ഥികളിൽ 267 പേർ വിജയിച്ചു. 17 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും, 15 പേർ അഞ്ച് വിഷയങ്ങൾക്കും എ പ്ലസ് നേടി. സയൻസിന് ഒരു ബാച്ചിലെ മുഴുവൻ കുട്ടികളും വിജയിച്ചു. തൊഴിലാളികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും നിറഞ്ഞ മലയോര മേഖലയിലെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ് തിളക്കമാർന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. വിജയികളെ സ്‌കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ തമ്പി, പി.ടി.എ പ്രസിഡന്റ് കെ.എസ് സുബീഷ്, പ്രിൻസിപ്പൽ ഡി. ബിന്ദുമോൾ, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഒ.എസ്. റെജി എന്നിവർ അനുമോദിച്ചു.