തൊടുപുഴ: കുമാരമംഗലത്ത് ഏഴു വയസുകാരൻ അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്ത കുട്ടിയുടെ അമ്മയ്ക്ക് മണിക്കൂറുകൾക്കകം ജാമ്യം ലഭിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 201,​ 212 എന്നീ വകുപ്പുകൾ പ്രകാരം കുറ്റകൃത്യം മറച്ചുവച്ചതിനും കുറ്റവാളിയെ രക്ഷിക്കാൻ ശ്രമിച്ചതിനുമായിരുന്നു ഇവർക്കെതിരെ കേസെടുത്തിരുന്നത്. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിത്.

കുട്ടി മരിച്ച് 36 ദിവസങ്ങൾക്ക് ശേഷമാണ് അമ്മ അറസ്റ്റിലാകുന്നത്. കുട്ടിയുടെ തല തകർത്ത് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദ് ജയിലിലാണ്. കേസിൽ രണ്ടാം പ്രതിയാണ് യുവതി.

കൂത്താട്ടുകുളത്തെ കൗൺസലിംഗ് സെന്ററിലായിരുന്ന 36 കാരിയെ ഇന്നലെ ഉച്ചയ്ക്ക് 12.30ന് തൊടുപുഴ സി.ഐ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ ഏഴു വയസുകാരനെ ആദ്യം ചികിത്സയ്ക്ക് കൊണ്ടുവന്ന തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ആശുപത്രി ജീവനക്കാരും യുവതിയെ തിരിച്ചറിഞ്ഞു. വൈകിട്ട് നാല് മണിയോടെ മുട്ടം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ യുവതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

കേസിൽ കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കി കാമുകൻ അരുൺ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പൊലീസിന്റെ ആദ്യ നീക്കം. അമ്മയെ പ്രതി ചേർത്താൽ അരുണിന് രക്ഷപ്പെടാൻ വഴിയൊരുക്കുമെന്നായിരുന്നു പൊലീസിന് ലഭിച്ച നിയമോപദേശം. എന്നാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരം അമ്മയ്‌ക്കെതിരെ കേസെടുക്കാമെന്ന് ഇടുക്കി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മൂന്ന് ദിവസം മുമ്പ് തൊടുപുഴ പൊലീസിനെ അറിയിച്ചിരുന്നു. അമ്മയെ പ്രതി ചേർക്കണമെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് ഇവരുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയതായി തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് പറഞ്ഞു.

പേടി കാരണമാണ് കുട്ടിയെ അരുൺ പീഡിപ്പിച്ച വിവരം മറച്ചുവച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഏപ്രിൽ നാലിനാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടി മരിക്കുന്നത്. മാർച്ച് 28ന് പുലർച്ചെ 3.30നാണ് ക്രൂരമർദ്ദനമേറ്റത്. ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതു കണ്ട് അരുൺ മൂത്ത കുട്ടിയെ വിളിച്ചുണർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയുമായി ഇരുവരും പുലർച്ചെ 3.55ന് ആശുപത്രിയിലെത്തി. കളിക്കുന്നതിനിടെ വീണതാണെന്നായിരുന്നു അരുണിന്റെ മൊഴി. എന്നാൽ സോഫയിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് യുവതി പറഞ്ഞത്. മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരപീഡന കഥ പുറത്തുവന്നത്. നാലു വയസുള്ള ഇളയ കുട്ടി തിരുവനന്തപുരത്തുള്ള അച്ഛന്റെ കുടുംബത്തിന്റെ സംരക്ഷണയിലാണിപ്പോൾ. അരുണിന്റെ അമ്മാവന്റെ മകനായ കുട്ടികളുടെ അച്ഛന്റെ മരണ ശേഷമാണ് യുവതിയുമായി ഇയാൾ അടുത്തത്.