മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ പയസ് നാഗർ മേഖലയിൽ നിന്നും ക്ഷീര സംഘത്തിലക്ക് പാൽ സംഭരിക്കുന്നതിനായി പോയ ഓട്ടോകാട്ടാന കുത്തി മറിച്ചു. ഇടക്കടവ് ഭാഗത്ത് നിന്നും പാൽ സംഭരിക്കുന്നതിനായി പോകുമ്പോഴാണ് ജനവാസ കേന്ദ്രത്തിനുള്ളിൽ വച്ച് രാവിലെ 5.30 ന് കാട്ടാന ആക്രമിച്ചത്. . പാലുമായി ഇടക്കടവ് പാലത്തിന് സമീപം എത്തിയപ്പോൾ വഴിയരുകിൽ നിന്നും റോഡിലേക്ക് കയറിയ ആന ഓട്ടോ ആക്രമിക്കുകയായിരുന്നു. റോഡരുകിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ കോവിൽക്കടവ് സ്വദേശി ഇബ്രാഹിം(41) അഞ്ചുനാട് കോമൺ വെൽഫെയർ സൊസൈറ്റി ജീവനക്കാരി മായ രാജൻ (50) എന്നിവർക്കാണ് പരിക്കേറ്റത് . ഓട്ടോ ഉണ്ടായിരുന്ന 80 ലിറ്റർ പാൽ മറിഞ്ഞു . കുത്തിമറിച്ച ശേഷം കാട്ടാന പിന്നീട് ആക്രമണത്തിന് മുതിർന്നില്ല.
പരിക്കേറ്റ് വാഹനത്തിൽ കിടന്ന ഇരുവരെയും നിലവിളിയും കാട്ടാനയുടെ ചിന്നം വിളിയും കേട്ട് ഓടി എത്തിയ സമീപ വാസികൾ രക്ഷപ്പെത്തി സഹായഗിരി ആശുപത്രിയിൽ എത്തിച്ചു.പരിക്കേറ്റ ഇരുവരെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇടക്കടവ് വെട്ടുകാട് ഭാഗങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും പലരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.