കരിമണ്ണൂർ: നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആതിരയുടെ പിതാവ് തുളസീദാസ് എസ്.എസ്.എൽ.സി ഐ.ടി പരീക്ഷയുടെ തലേദിവസമാണ് മരിക്കുന്നത്. കടുത്ത പനി പിടിപ്പെട്ട് ആശുപത്രിയിലായിരുന്ന തുളസീദാസ് മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെയാണ് മരിച്ചത്. പിതാവിന്റെ മരണത്തിനടുത്ത ദിവസവും പരീക്ഷ എഴുതിയ ആതിരയ്ക്ക് ഒന്നൊഴിച്ച് ബാക്കി എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു. ജീവിതത്തിലെ കഷ്ടപ്പാടും ദുരിതങ്ങളുമെല്ലാം ധൈര്യപൂർവ്വം നേരിട്ട് ഒമ്പത് എ പ്ലസ് നേടിയ ആതിര നാടിന് അഭിമാനമായി. പത്തു സെന്റിൽ പണി തീരാത്ത വീട്ടിലാണ് ആതിരയും കുടുംബവും കഴിയുന്നത്. വീടിന്റെ പണി പൂർത്തീകരിക്കാനും കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനും കൂലിപ്പണിക്കാരിയായ മാതാവ് വിജയമ്മ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. സാമ്പത്തിക സ്ഥിതി വളരെ മോശമാണെങ്കിലും രണ്ടു മക്കളെയും തുടർന്നും നല്ല രീതിയിൽ പഠിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് വിജയമ്മ പറയുന്നു. ഹൃദ്രോഗിയായ ആതിരയുടെ അമ്മാവൻ ഉണ്ണി തന്റെ കഴിവിനനുസരിച്ച് എല്ലാ വിധ സഹായ സഹകരണവും നൽകുന്നുണ്ട്. മകളുടെ മികച്ച വിജയം ഈ കുടുംബത്തിന് ഏറെ പ്രതീക്ഷകൾ നൽകുന്നു. പ്ലസ് വണ്ണിൽ കമ്പ്യൂട്ടർ സയൻസ് എടുത്ത് തുടർവിദ്യാഭ്യാസം നടത്താനാണാഗ്രഹമെന്ന് ആതിര പറഞ്ഞു. ചേച്ചിക്ക് ഫുൾ എപ്ലസ് കിട്ടണമെന്നായിരുന്നു ആഗ്രഹമെന്നും ഇപ്പോൾ കിട്ടിയ വിജയത്തിൽ ഏറെ സന്തോഷിക്കുന്നതായി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അനിയത്തി ആര്യയും പറയുന്നു.