bijimol
കണ്ണംപടി ഗവൺമെന്റ് ഹൈസ്‌കൂളിൽ നടത്തിയ ആരോഗ്യ സ്‌നേഹാരണ്യകം മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഇ. എസ്. ബിജിമോൾ എം എൽ എ നിർവഹിക്കുന്നു.

ഇടുക്കി: കേരള വനംവന്യജീവി വകുപ്പും ഇടുക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മൂവാറ്റുപുഴയും സംയുക്തമായി നടത്തുന്ന ആരോഗ്യ സ്‌നേഹാരണ്യകം മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കണ്ണംപടി ഗവ. ഹൈസ്‌കൂളിൽ ഇ.എസ്. ബിജിമോൾ എം.എൽ.എ നിർവ്വഹിച്ചു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് സത്യൻ അദ്ധ്യക്ഷത വഹിച്ചു.
കണ്ണംപടിയിൽ മുല്ല, വാക്കത്തി, കണ്ണംപടി, പുന്നപ്പാറ, തേക്കുതോട്ടം, മേമാരി, കത്തി തേപ്പാൻ, മമ്പുറ, ആരോൺ പാറ, ഭീമൻ ചോടു, എന്നിങ്ങനെ പത്തു ഊരുകളിലായി 980 കുടുംബങ്ങളാണുള്ളത്. ഇവർക്ക് ഏക ആശ്രയം 1520 കിലോമീറ്റർ അകലെയുള്ള ഉപ്പുതറ സി.എച്ച്.എസിയാണ്. ഇവിടെ നിന്ന് എല്ലാ വ്യാഴാഴ്ചയും ഡോക്ടർമാർ കണ്ണംപടിയിൽ എത്തി ചികിത്സാ സഹായങ്ങൾ ആളുകൾക്ക് ലഭ്യമാക്കുന്നുണ്ട്. മെഡിക്കൽ ക്യാമ്പിൽ 277 പേരാണ് പരിശോധനയ്ക്ക് എത്തിയത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, അസ്ഥിരോഗവിഭാഗം, കുട്ടികളുടെ വിഭാഗം, ത്വക്ക്, ഇ.എൻ.ടി തുടങ്ങിയ വിഭാഗത്തിൽ നിന്നായി ഇരുപതോളം വിദഗ്ദ്ധ ഡോക്ടർമാർ ആണ് പങ്കെടുത്തത്. ഏഴ് അംഗൻവാടികളിൽ മൂന്നര ലക്ഷം രൂപയുടെ സൗജന്യ മരുന്നുകളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിതരണം ചെയ്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സിറിയക്ക് തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ നിർമൽ, ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ പി യു സാജു, ഉപ്പുതറ പഞ്ചായത്ത് അംഗങ്ങളായ ബാലകൃഷ്ണൻ, ഷീബ സത്യനാഥ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ വിനോദ്, കണ്ണംപടി ഊരു മൂപ്പൻ രാമൻ തറമുറ്റത്ത്, മേമാരി ഇ.ഡി.സി ചെയർമാൻ ഷൈല രാജൻ എന്നിവർ പങ്കെടുത്തു.