അടിമാലി: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ പ്രളയത്തിൽ തകർന്ന കമ്പിലൈനും അറുപതാംമൈലിനും ഇടയിലുള്ള റോഡ് പുനർനിർമ്മിക്കുന്നതിനുള്ള നടപടി വൈകുന്നു. കൊടുംവളവോടുകൂടിയ ഭാഗമാണ് തകർന്നു കിടക്കുന്നത്. ഇതോടെ ഇതുവഴിയുള്ള സുഗമമായ ഗതാഗതം തടസപ്പെടുകയാണ്. പ്രളയക്കെടുതിയിൽ ഈ ഭാഗത്ത് വൻതോതിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ ഫില്ലിങ് സൈഡ് ഇടിഞ്ഞ് ഗതാഗതം പൂർണമായും നിലച്ചു. ഓരാഴ്ചത്തെ കഠിന പ്രയത്നം കൊണ്ടാണ് വാഹനങ്ങൾ കടന്നുപോകുംവിധം റോഡ് ഗതാഗതയോഗ്യമാക്കിയത്. എന്നാൽ കെടുതിക്കുശേഷം 10 മാസങ്ങൾ പിന്നിടുമ്പോഴും റോഡ് പൂർവ്വസ്ഥിതിയിൽ എത്തിക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. ഇതോടെ ഗതാഗതകുരുക്കും അപകടങ്ങളും നിത്യസംഭവമായി മാറി. കാലവർഷം ആരംഭിക്കുന്നതിന് ആഴ്ചകൾ മാത്രം ശേഷിക്കേ ഇടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ച് ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കാൻ നടപടിസ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.