വണ്ടിപ്പെരിയാർ: കഞ്ചാവിനും ലഹരിയ്ക്കും അടിമപ്പെട്ടയാൾ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. വാളാർഡി എസ്റ്റേറ്റ് രണ്ടാം ഡിവിഷനിൽ താമസിക്കുന്ന സമുദ്രവേൽ മകൻ സതീഷിനാണ് (36) വെട്ടേറ്റത്. ഇയാളെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് സ്വദേശി അയ്യപ്പനെ (57) പൊലീസ് പിടികൂടി. ഞായാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. വാളാർഡി രണ്ടാം ഡിവിഷനിലെ കടയ്ക്കക്കു സമീപം കൂട്ടുകാരോടൊപ്പം സംസാരിച്ച് നിന്ന സതീഷിനെ അയ്യപ്പൻ കത്തി കൊണ്ട് വെട്ടുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വലതു കൈയുടെ പെരുവിരലിലും പുറംഭാഗത്തും വെട്ടേറ്റു. തമിഴ്നാട്ടിൽ നിന്ന് അടുത്ത നാളിൽ ഈ പ്രദേശത്ത് എത്തി താമസമാക്കിയതാണ് പിടിയിലായ അയ്യപ്പൻ. വാളാർഡി എസ്റ്റേറ്റ് വെയ്‌റ്റിംഗ് ഷെഡിലാണ് ഇയാളുടെ താമസം. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്ന അയ്യപ്പൻ പെൺ വസ്ത്രം ധരിക്കുന്നതിനെചൊല്ലി സതീഷ് കളിയാക്കാറുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൈയിൽ സൂക്ഷിച്ച കത്തി കൊണ്ട് വെട്ടിയതെന്നാണ് അയ്യപ്പൻ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.