തൊടുപുഴ: കാഞ്ഞിരമറ്റം ജംഗ്ഷനിലൂടെ പോകുന്നവരാരും പൊടിയും മണ്ണും കണ്ണിൽ പോയി കരയാതെ രക്ഷപ്പെടില്ല. റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങളായിട്ടും ഇന്ന് നന്നാക്കും നാളെ നന്നാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. പാവം യാത്രക്കാർ ദുരിതം അനുഭവിക്കുന്നത് മാത്രം മിച്ചം. മാർക്കറ്റ് റോഡടക്കം സമാനമായ രീതിയിൽ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയായിരുന്നെങ്കിലും ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് അടുത്ത നാളിൽഇവയെല്ലാം നന്നാക്കിയിരുന്നു. എന്നാൽ കാഞ്ഞിരമറ്റം ബൈപ്പാസ് ജംഗ്ഷനിലെ റോഡ് മാത്രം തിരിഞ്ഞുനോക്കിയിട്ടില്ല. പകൽ ചൂടിൽ കനത്ത പൊടിയും മണ്ണും കാരണം സമീപത്തെ വ്യാപാരികൾക്ക് പോലും ഇരിക്കാനാകുന്നില്ല. ബൈക്കിൽ ഇതുവഴി സഞ്ചരിക്കുന്നവരുടെ മേലാകെ മണ്ണാകും. മഴ പെയ്താൽ പിന്നെ ഇവിടെ ചെളിക്കുളമാകും. ഇന്നലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലെ റോഡ് നന്നാക്കിയിരുന്നു. വാട്ടർ അതോറിട്ടി റോഡിൽ പുതിയ പൈപ്പു ലൈൻ സ്ഥാപിക്കുന്നതിനായാണ് റോഡെല്ലാം വെട്ടിപ്പൊളിച്ചത്. റോഡ് റീ ടാർ ചെയ്യുന്നതിനായി പൊതുമരാമത്തു വകുപ്പിന് പണം അടച്ചതായാണ് വിവരം. എന്നാൽ കുത്തിപ്പൊളിച്ച് രണ്ടുമാസം പിന്നിട്ടിട്ടും ഇതുവരെയും ടാർ ചെയ്തിട്ടില്ല. മൂപ്പിൽക്കടവ് പാലത്തിന് സമീപമുള്ള പമ്പു ഹൗസിൽ നിന്നും പഴയ പൈപ്പു ലൈനിന് സമാന്തരമായാണ് വാട്ടർ അതോറിട്ടി ഓഫീസിന് സമീപമുള്ള ടാങ്ക് വരെ പൈപ്പ് ലൈൻ വലിച്ചിരിക്കുന്നത്. ഇവയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യഥാവിധം പൂർത്തിയാക്കാത്തതാണ് ജനത്തെ വലയ്ക്കുന്ന ദുരിതമായി പരിണമിച്ചത്. ജിനദേവൻ റോഡിൽ കാഡ്‌സിന് സമീപത്ത് നിന്നും മൂപ്പിൽക്കടവ് പാലം വരെയും മാർക്കറ്റ് റോഡിൽ ചന്തക്കുന്ന് മുതൽ കാഞ്ഞിരമറ്റം ജംഗ്ഷൻ വരെയും റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ വ്യാപാരികൾ ഏറെ വലഞ്ഞിരുന്നു. വ്യാപാരികളുടെയും പൊതുജനങ്ങളുടെയും നിരന്തരമായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഇതിൽ ചിലയിടങ്ങളിലെങ്കിലും ടാറിംഗ് പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായത്. നഗരസഭയുടെ കീഴിലുള്ള പോസ്റ്റ് ഓഫീസിന് മുന്നിലൂടെയുള്ള ലിങ്ക് റോഡ് പൂർണമായും തകർന്ന് കിടക്കുകയാണ്. ഇതുവഴി കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാനാവില്ല. കാഞ്ഞിരമറ്റം ബൈപ്പാസ് ജംഗ്ഷനിലെ പൈപ്പ് പണി വൈകിയപ്പോൾ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതാണ് റോഡ് നന്നാക്കാനാകാതെ പോയതിന് കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. ജൂൺ ഒന്നിന് മുമ്പ് ടാറിംഗ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.