 കളിയുപകരണങ്ങളെല്ലാം നാശത്തിന്റെ വക്കിൽ

തൊടുപുഴ: ഒഴിവു സമയങ്ങളിൽ കുട്ടികളുമായി തൊടുപുഴ നഗരസഭാ പാർക്കിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്,​ സൂക്ഷിച്ചില്ലെങ്കിൽ പൊന്നോമനകൾ കളിയുപകരണങ്ങളിൽ കയറി അപകടത്തിൽപ്പെടും. പാർക്കിലെ സ്ലൈഡർ ഉൾപ്പെടെയുള്ള കുട്ടികളുടെ കളിയുപകരണങ്ങളെല്ലാം നാശത്തിന്റെ വക്കിലാണ്. പാർക്കിലേക്ക് കയറുമ്പോഴുള്ള ഡ്രാഗണിന്റ ആകൃതിയിലുള്ള ആദ്യത്തെ സ്ലൈഡറിൽ പലയിടത്തായി വലിയ തുളകൾ വീണിട്ടുണ്ട്. കുട്ടികളുടെ കാലുകൾ ഇതിനുള്ളിൽ അകപ്പെട്ട് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇവ നന്നാക്കാനോ ഇതിൽ കയറുന്നതിൽ നിന്ന് കുട്ടികളെ തടയാനോ തയ്യാറായിട്ടില്ല. ഊഞ്ഞാലുകളടക്കം ഇരുമ്പിൽ നിർമ്മിച്ച ഭൂരിഭാഗം റൈ‌ഡുകളും തുരുമ്പിച്ച് അപകടാവസ്ഥയിലാണ്. തുരുമ്പെടുത്ത കളിയുപകരണങ്ങളിൽ കയറുന്ന കൊച്ചുകുട്ടികൾക്കടക്കം മുറിവേൽക്കാനുള്ള സാദ്ധ്യതയേറെയാണ്. ഫൈബറിൽ പൊതിഞ്ഞ് സ്ഥാപിച്ചിരിക്കുന്ന തെന്നിയിറങ്ങുന്ന സ്ലൈഡറുകളും ഊഞ്ഞാലുമെല്ലാം തകർന്നിരിക്കുകയാണ്. കൂടാതെ പാർക്കിലെ ഇരിപ്പിടങ്ങൾ പലതും കാലപഴക്കത്തിൽ നശിച്ചു. അവധിക്കാലമായതിനാൽ നിരവധിപ്പേരാണ് ദിവസവും പാർക്കിലെത്തുന്നത്. കൊച്ചു കുട്ടികൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ ഇവിടെയെത്താറുണ്ട്. ഉച്ചയ്ക്ക് 12 മുതൽ രാത്രി വരെ ഇപ്പോൾ പാർക്ക് തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഇവ നന്നാക്കാൻ നഗരസഭ ഇനിയും തയ്യാറായില്ലെങ്കിൽ ലക്ഷങ്ങൾ വിലയുള്ള കളിയുപകരണങ്ങൾ പൂർണമായും നശിക്കും. എന്നാൽ കളിയുപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായും കരാറുകാരൻ ഉടൻ തന്നെ ജോലികൾ ആരംഭിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.