നെടുങ്കണ്ടം: കവുന്തിയിൽ വീട്ടമ്മയെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻപുരയിൽ നളിനാക്ഷി (48) ആണ് സമീപവാസിയുടെ കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലര മാസം മുൻപ് നളിനാക്ഷിയുടെ മകളായ ഉണ്ണിമായയും സമീപവാസിയുടെ പടുതാക്കുളത്തിൽ വീണ് മരിച്ചിരുന്നു. ഗാർഹിക പീഡനത്തെ തുടർന്നാണ് മരണമെന്ന ബന്ധുക്കളുടെ പരാതികളെ തുടർന്ന് ഉണ്ണിമായയുടെ ഭർത്താവ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ നളിനാക്ഷി മാനസിക സംഘർഷത്തിലായിരുന്നു. മകളുടെ മരണ ശേഷം ബന്ധുവീട്ടിലേയ്ക്ക് ഇവർ താമസം മാറ്റുകയും ചെയ്തു. ഇന്നലെ അത്യാവശ്യമായി എറണാകുളത്തിന് പോകാനിരിയ്ക്കുകയായിരുന്നു പുലർച്ചെ വീട്ടിൽ കാണാതിരുന്നതിനെതുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സമീപവാസിയുടെ കൃഷിയിടത്തിലെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 15 അടിയിലധികം താഴ്ചയുള്ള കുളത്തിൽ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. കുളത്തിന്റെ വേലി പൊളിച്ച് മാറ്റിയ നിലയിലായിരുന്നു. ചാടുന്നതിനായി ഇവർ പൊളിച്ചതായിരിക്കാം എന്നാണ് നിഗമനം. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും, പ്രദേശവാസികളുടെയും സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. അസ്വാഭിവിക മരണത്തിന് നെടുങ്കണ്ടം പൊലീസ് കേസെടുത്തു.