വണ്ടിപ്പെരിയാർ: പഞ്ചായത്തും റവന്യൂ വകുപ്പും നിർമ്മാണ പ്രവർത്തനം തടഞ്ഞ സ്ഥലത്ത് സ്വകാര്യ വ്യക്തി വീണ്ടും അനധികൃതമായി നിർമ്മാണ പ്രവർത്തനം നടത്തുന്നതായി പരാതി. ദേശീയപാത 183ൽ പെരിയാർ ടൗണിൽ ദേശിയ പാതയോട് ചേർന്നു കിടക്കുന്ന പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിലാണ് സ്വകാര്യ വ്യക്തി നിർമ്മാണ പ്രവർത്തനം നടത്തുന്നത്. ഒരു വർഷം മുൻപ് പുറമ്പോക്ക് ഭൂമിയിലെ നിർമ്മാണം പഞ്ചായത്തും റവന്യൂ വകുപ്പും തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി മുതൽ വീണ്ടും നിർമ്മാണം നടത്തുന്നതായാണ് സമീപവാസികൾ പറയുന്നത്. ജില്ലാ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിനു സമീപത്തായാണ് സ്വകാര്യ വ്യക്തി കൈയ്യേറി നിർമ്മാണ പ്രവർത്തനം നടത്തിയത്.കുറച്ച് സ്ഥലത്തിന് മാത്രം പട്ടയമുണ്ട്. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് പുനർനിർമ്മിക്കാൻ എന്ന വ്യാജേനയാണ് ഓടയ്ക്ക് മുകളിൽ നിർമ്മാണം പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനു സമീപത്തായി സ്വകാര്യ പണമിടപാട് സ്ഥാപനവും, കാപ്പിപ്പൊടി ഔട്ട് ലെറ്റ് സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്..പെരിയാർ ടൗണിലെ പ്രധാന ഓട കടന്നുപോകുന്ന വഴിയടച്ചാണ് നിർമ്മാണം പ്രാധമിക അന്വേഷണത്തിൽ തന്നെ കൈയ്യേറ്റമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരു വർഷം മുൻപ് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ഇഷ്ടിക കെട്ട് പൊളിക്കാനും നിർദേശം നൽകിയിരുന്നുവെങ്കിലും പൊളിച്ചു നീക്കിയില്ല.കഴിഞ്ഞ ദിവസം ഇതിന് മുകളിൽ ഷീറ്റ് വിരിച്ചതോടെയാണ് പരാതിയായത്. ഓടകൾ പഞ്ചായത്തിന്റെ അധികാര പരിധിയിലാണെന്നാണ് റവന്യു വകുപ്പ് വിശദീകരണം.