kk
അംഗപരിമിതർക്കുളള ജില്ലാതല പരിശീലനകേന്ദ്രം അടച്ചുപൂട്ടിയ നിലയിൽ.

ചെറുതോണി:അദ്ധ്യാപകരില്ലാത്തതിനെ തുടർന്ന് അംഗപരിമിതർക്കുളള ജില്ലാതല പരിശീലനകേന്ദ്രം അടച്ചുപൂട്ടി. ജില്ലാ ആസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിനു സമീപം പ്രവർത്തിക്കുന്ന ഈ സ്ഥാപനം 2012 ൽ ആരംഭിച്ചതാണ്. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമുളള അംഗപരിമിതരായ കുട്ടികളും മുതിർന്നവരും ഇവിടെ പഠിക്കുന്നുണ്ട്. വിവിധ ഇനങ്ങളിൽ പരിശീലനവും നൽകിവരുന്നു. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഐ.ഇ.ഡി പദ്ധതിയിൽ പെടുത്തിയാണ് സ്‌കൂൾ അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ ലീഡ് സ്‌കൂളായ ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിന്റെ ഭാഗമായിട്ടാണ് ഈ പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. അംഗപരിമിതരായ കുട്ടികൾക്ക് സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ നിരവധി പദ്ധതികൾ ഇവിടെ നടപ്പിലാക്കിവന്നിരുന്നു. ഇതിനുവേണ്ടി പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് അദ്ധ്യാപകരെയു ഇവിടെ നിയമിച്ചിരുന്നു. തുടക്കത്തിൽ വളരെ കാര്യക്ഷമമായി പ്രവർത്തിച്ച ഈ സ്ഥാപനം അധികൃതരുടെ അവഗണനമൂലം പിന്നീട് മന്ദഗതിയിലായി. പരിശീലന കേന്ദ്രം അടച്ചുപൂട്ടിയതോടെ ലക്ഷങ്ങൾ വിലപിടിപ്പുള്ള പരിശീലന ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, കംമ്പ്യൂട്ടർ, തയ്യൽമെഷീൻ തുടങ്ങിയ ഉപകരണങ്ങൾ നശിച്ചുകൊണ്ടിരിക്കുകയാണ്. ഫിസിയോ തെറാപ്പി വിഭാഗത്തിൽ സർവ്വശിക്ഷ അഭിയാൻ വഴി നിലവിൽ ഒരു ടീച്ചറെ നിയമിച്ചിട്ടുണ്ട്.ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾകൂടാതെ പുറത്തുനിന്നുള്ളവർക്കും ഇവിടെ പരിശീലനം നൽകിവന്നിരുന്നു.